കൽപ്പറ്റ: ജില്ലയിൽ വേനൽമഴ ആരംഭിച്ചതോടെ ഡെങ്കുപനി, എലിപ്പനി, മഞ്ഞപിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പകരാനിടയുളള സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രോഗപകർച്ച തടയുന്നതിനുളള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

ജില്ലയിൽ ജനുവരി മുതൽ ഇതുവരെ 22 സംശയാസ്പദ ഡെങ്കുകേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുളള കഠിനമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കുപനിയുടെ പ്രധാന ലക്ഷണങ്ങൾ. പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

പ്രതിരോധ മാർഗ്ഗങ്ങൾ

കൊതുകുകൾ മുട്ടയിട്ടു വളരുന്ന ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങൾ, വെള്ളംകെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.
ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്ന് ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക.
ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ്‌തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക.
മരപ്പൊത്തുകൾ മണ്ണിട്ടു മൂടുക.
വാഴപ്പോളകളിലും, പൈനാപ്പിൾ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
എലി, അണ്ണാൻ മുതലായ ജന്തുക്കൾ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കൾ എന്നിവ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക.
റബർ തോട്ടങ്ങളിൽ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക.
വീണുകിടക്കുന്ന പാളയിൽ വെള്ളംകെട്ടി നിൽക്കാതെ സൂക്ഷിക്കുക.
ഉപയോഗശൂന്യമായ ടയറുകളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
ടാർ പോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക
ടെറസ്സിനു മുകളിലും സൺഷേഡിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികളിലെ വെള്ളം വറ്റിച്ചുകളയുക.
ഓടകളിലുംചാലുകളിലും ചപ്പുചവറുകളും മണ്ണും മറ്റും നീക്കം ചെയ്യുക.
വീടിനു ചുറ്റുംകാണുന്ന പാഴ്‌ച്ചെടികൾ, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്യുക.
ഈഡിസ് കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കൊതുകിനെ അകറ്റുവാൻ കഴിവുള്ള ലേപനങ്ങൾ പുരട്ടുക.
ജനൽ, വാതിൽ, വെന്റിലേറ്റർ മുതലായവയിൽ കൊതുകു കടക്കാതെ വല ഘടിപ്പിക്കുക.