e
ദുർഗ്ഗയെന്ന ആനയുടെ പുറത്തിരുന്ന് നിർദേശങ്ങൾ നൽകുന്ന നാല് വയസ്സുകാരി കൃതിക

ബള്ളെ: നാല് വയസ്സുകാരി കൃതികയുടെ നിർദ്ദേശങ്ങളനുസരിച്ചാണ് 47 വയസ്സുള്ള ദുർഗ്ഗയെന്ന ആനയുടെ നടപ്പ്. കർണ്ണാടകത്തിലെ ബള്ളെ ആന ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയാണിത്. ഈ ഗ്രാമവാസികളുടെ ജീവിതം തലമുറകളായ് ആനകളോടൊപ്പമാണ്.

മൈസൂർ ദസറയ്ക്കും മറ്റുമായി കാട്ടിലെ ആനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടുനടപ്പ് പഠിപ്പിച്ചിരുന്നത് ഇവരുടെ പൂർവ്വികരാണ്. വാരിക്കുഴിയുണ്ടാക്കി ആനകളെ പിടിക്കുന്ന രീതിയായിരുന്നു ആദ്യ കാലത്ത്. പ്രത്യേകമുണ്ടാക്കിയ കൂട്ടിനകത്തേയ്ക്ക് ആനക്കൂട്ടത്തെ വലിയ ശബ്ദമുണ്ടാക്കി കുങ്കിയാനകളുടെ സഹായത്തോടെ ഓടിച്ച് കയറ്റുന്ന "ഗദ്ധെ" യാണ് ബ്രിട്ടിഷ് കാലത്തുണ്ടായിരുന്നത്.

ആന ക്യാമ്പിലെ മുതിർന്ന കൊമ്പൻ അർജ്ജുനൻ ഇപ്പോൾ മദപ്പാടിലാണ്. 1956 ലാണ് ഗദ്ധെയിലൂടെ ഈ കുട്ടിക്കുറുമ്പനും കുടുംബവും ഈ ഗ്രാമത്തിലെത്തുന്നത്. എഴുപതുകളോടെ ഗദ്ധെ സമ്പ്രദായം നിർത്തിയെങ്കിലും ആനകളില്ലാത്ത ജീവിതം ബള്ളെക്കാർക്കിന്നുമില്ല. കാടും ആനകളും പ്രകൃതിയും അത്രമേൽ അവരുടെ ജീവിതവുമായ് ഇഴചേർന്നിരിയ്ക്കുകയാണ്.