സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിട സമുച്ചയത്തിൽ ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറിയും രോഗനിർണ്ണയ ഗവേഷണ പരിശീലന സ്ഥാപനങ്ങളും ആരംഭിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

വർധിച്ചു വരുന്ന കുരങ്ങുപനി പോലുള്ള ജന്തുജന്യ രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങളും യഥാസമയം നിർണ്ണയം നടത്തുന്നതിനാവശ്യമായ ആധുനിക ലബോറട്ടറി സൗകര്യങ്ങൾ ജില്ലയിൽ പരിമിതമാണ്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന വൈറോളജി ലാബിന്റെ പ്രവർത്തനം നിലച്ചു.
നിലവിലുണ്ടായിരുന്ന ആശുപത്രി വിഭാഗങ്ങളെല്ലാം ഫെയർലാന്റിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ പഴയ കെട്ടിട സമുച്ചയം പൂർണമായി ഉപയോഗിക്കാതെ നശിച്ചു പോകും.
എല്ലാ ലബോറട്ടറി വിഭാഗങ്ങളും പ്രവർത്തിപ്പിക്കാനാവശ്യമായ കെട്ടിട സൗകര്യങ്ങൾ പഴയ ആശുപത്രി സമുച്ചയത്തിൽ നിലവിലുണ്ട്.
ബത്തേരി ട്രാഫിക്ക് ജംഗ്ഷന് സമീപമുള്ള പഴയ ആശുപത്രി കെട്ടിട സമുച്ചയം പ്രയോജനപ്പെടുത്തി ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ എല്ലാ ഡിപ്പാർട്ടുമെന്റുകളും പ്രവർത്തിപ്പിക്കുകയും പഠന ഗവേഷണ പരിശീലനകേന്ദ്രം സ്ഥാപിക്കുകയും ചെയ്യണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
സമ്മേളനം മേഖല പ്രസിഡന്റ് എം.വി.രത്നം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ.രാജപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.ടി.പ്രതാപൻ കണക്കും അവതരിപ്പിച്ചു. പി.ആർ.ജയരാജ് അദ്ധ്യക്ഷനായിരുന്നു. കെ.ബാലഗോപാലൻ, പി.ആർ.മധുസൂദനൻ, കെ.വി.മത്തായി, എം.എ.പൗലോസ്, രാജേശ്വരദയാൽ എന്നിവർ സംസാരിച്ചു. എം.കെ.ശോഭന സ്വാഗതവും ഓമന രാജു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം.കെ.ശോഭന പ്രസിഡന്റ്, കെ.പി.ജോർജ് വൈസ് പ്രസിഡന്റ്, ജെയ്മി മത്തായി സെക്രട്ടറി, പി.കെ.രാജപ്പൻ ജോ.സെക്രട്ടറി, എൻ.ടി.പ്രതാപൻ ട്രഷറർ.