കോഴിക്കോട്: തലക്കുളത്തൂർ പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. കോളനിയിലെ അഴുക്കുചാൽ, ഇന്റർനെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങൾ, പൊതുസ്ഥലങ്ങളിലെയും വീടുകളുലെയും ഖര- ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനൻസ്, പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണഭിത്തി നിർമാണം, വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതികൾഎന്നിവ ഈ പദ്ധതിയില്‍ എറ്റെടുക്കാം. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ മന്ത്രി നിർദ്ദേശം നൽകി.