കോളേരി: രൂക്ഷമായ വന്യമൃഗശല്യം കാരണം സ്വന്തം കൃഷിയിടത്തിലിറങ്ങി പണിയെടുക്കാൻ കഴിയാത്ത അവസ്ഥയിൽ കർഷകർ. ഏത് സമയവും ആനയുടെ ആക്രമണം ഭയന്നാണ് കർഷകർ കഴിയുന്നത്. പാപ്ലശ്ശേരി അഴിക്കോടൻ നഗർ, കവലമറ്റം, ചേലകൊല്ലി, മരിയനാട് മേഖലകളിലാണ് കാട്ടാന ശല്യം കാരണം കർഷകർ പൊറുതിമുട്ടുന്നത്.
വേനലിന്റെ കാഠിന്യത്തിന് ശമനമായി മീനത്തിൽ മഴ ലഭിച്ചതോടെ കൃഷി പണി തുടങ്ങേണ്ട സമയമാണ്. അപ്പോഴാണ് കൃഷിയിടങ്ങൾ കാട്ടാനകൾ കയ്യടക്കുന്നത്.

സന്ധ്യ മയങ്ങുന്നതോടെയാണ് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലേക്ക് എത്തുന്നത്. കൃഷിയിടത്തിൽ രാത്രി തങ്ങുന്ന ആനക്കൂട്ടം നേരം വെളുത്ത് ഏറെകഴിഞ്ഞാണ് പിൻവാങ്ങുന്നത്. അതുകൊണ്ട് പലർക്കും തോട്ടത്തിലേക്ക് കടക്കാൻ കഴിയുന്നില്ല.
പാമ്പ്ര വനമേഖലയിൽ നിന്നാണ് കാട്ടാനകൾ കൂട്ടമായി എത്തുന്നത്. കഴിഞ്ഞ ഒന്നര ആഴ്ചയായി ആനകൾ സ്ഥിരമായി ജനവാസകേന്ദ്രത്തിലും കർഷകരുടെ കൃഷിയിടത്തിലുമായി തങ്ങുകയാണ്. ചക്കയുടെ കാലം ആരംഭിച്ചതോടെയാണ് ആനകൾ പതിവായി എത്തുന്നത്. ആനശല്യം ഒഴിവാക്കാൻ പല കർഷകരും തോട്ടത്തിലെ ചക്കകൾ പറിച്ച് ഒഴിവാക്കുകയുണ്ടായി.
കൂട്ടമായി എത്തുന്ന കാട്ടാനകൾ തെങ്ങ്,കമുക്, വാഴ, കുരുമുളക്,കാപ്പി തുടങ്ങിയവയെല്ലാം കൃഷിയിറക്കിവരുന്ന കിഴങ്ങുവിളകളും പച്ചക്കറികളുമെല്ലാം ചവിട്ടിയും തിന്നും നശിപ്പിക്കുകയും ചെയ്യുകയാണ്. പ്രദേശത്തെ രണ്ട് ഇലക്ട്രിക് പോസ്റ്റുകളും കഴിഞ്ഞ ദിവസം തള്ളി മറിച്ചിട്ടു.
ഇളംപുരയിടത്തിൽ രാജപ്പൻ, പാലക്കാപറമ്പിൽ രാഘവൻ ,കൂനാടത്ത് കുമാരൻ, ഇളംപുരയിടത്തിൽ രാജേഷ്, കേളനാം തടത്തിൽ സുബീഷ്, കല്ലുറുമ്പിൽ വിജയൻ തുടങ്ങിയവരുടെ വിളകളാണ് ആന നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് വരുത്തിവെച്ചത്.

കാട്ടാന ശല്യത്തിനെതിരെ ജനങ്ങൾ വനം വകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.