സുൽത്താൻ ബത്തേരി: ഒരു പ്രദേശം മുഴുവൻ കാർഷിക നഴ്സറികൾ തീർത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ നഴ്സറി വിപണി ലക്ഷ്യംവെച്ച് നഴ്സറി ഗ്രാമമെന്ന പദ്ധതിയും, എടക്കല്ലിൽ വിനോദ സഞ്ചാരികൾക്കായി ടൂറിസം പാർക്കും പ്രഖ്യാപിച്ചുകൊണ്ടുള്ള ബഡ്ജറ്റിന് നെന്മേനി ഗ്രാമ പഞ്ചായത്ത് അംഗീകാരം നൽകി.

50,94,96,588 രുപ വരവും 50,57, 67,560 രൂപ ചെലവും 37,29,028 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അവതരിപ്പിച്ചത്.
ചുള്ളിയോട് മുതൽ അമ്പലവയൽ വരെയുള്ള പ്രദേശത്താണ് നഴ്സറി ഗ്രാമം ഒരുക്കുക. ഇതിനായി തൊഴിൽ പരിശീലനവും സാമ്പത്തിക സഹായവും നൽകും. നഴ്സറി ഗ്രാമം പദ്ധതിയിലൂടെ ഈ വർഷം 500 പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഏറ്റവും വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ എടക്കൽ ഗുഹയോട് ചേർന്ന് ടൂറിസം പാർക്ക് ആരംഭിക്കും. രണ്ടര ഏക്കറിൽ ആരംഭിക്കുന്ന പാർക്കിന്റെ നിർമ്മാണം പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി എല്ലാ വർഷവും കാർഷിക കാർണിവൽ നടത്തും.
രണ്ട് കോടി രൂപ ചെലവിൽ സിംഗിൾ ഫെയ്സിൽ പ്രവർത്തിക്കുന്ന 23 ചെറു മില്ലുകൾ ജെഎൽജി ഗ്രൂപ്പുകൾക്ക് നൽകും. ക്ഷീരകർഷകർക്ക് വരുമാനം കൂട്ടുന്നതിനായി പച്ച ചാണകം ഉണക്കി പൊടിച്ച് പാക്കറ്റുകളാക്കുന്ന യന്ത്രം 50 ലക്ഷം മുതൽ മുടക്കി വാങ്ങും. ഓൺലൈൻ ചന്ത ആരംഭിക്കും. ഒരു വിദ്യാലയത്തിന് ഒരു വരുമാന മാർഗ്ഗം എന്ന പദ്ധതിക്ക് 7 ലക്ഷം രൂപ റിവോൾവിംഗ് ഫണ്ട് നൽകും. വിദ്യാലയങ്ങളിൽ രൂപീകരിക്കുന്ന സംരംഭകത്വ ക്ലബ്ബുകൾക്കാണ് ഇതു നൽകുക.
പൂച്ചെടികൾ ഫലവൃക്ഷതൈകൾ, അലങ്കാര മൽസ്യം തുടങ്ങിയ കൃഷികളും വളർത്തുമൃഗങ്ങളുടെ വിൽപ്പന, കടലാസ് കവർ നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

എങ്കള പാഷ എങ്കള പഠിത്തം എന്ന പദ്ധതിയിലൂടെ ആദിവാസി വിഭാഗം എൽപി വിദ്യാർത്ഥികൾക്ക് പഠനം അനായാസമാക്കി സ്‌കൂൾ സൗഹൃദമാക്കും.
വിദ്യാലയങ്ങളിൽ പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുന്നതിന് ഒരു ലക്ഷം രൂപ വകയിരുത്തി. ചുള്ളിയോട് ഷോപ്പിംഗ് കോപ്ലക്സും ഓഡിറ്റോറിയവും നിർമ്മിക്കുന്നതിന് ആദ്യ ഗഡുവായി ഒരു കോടി വകയിരുത്തി. കൃഷിപ്രോൽസാഹനത്തിന് 70.50 ലക്ഷം രൂപയും ദാരിദ്ര്യനിർമ്മാർജന പ്രവർത്തനത്തിന് 9.60 കോടിയും റോഡ് വികസനത്തിന് 4 കോടിയും വനിത ഐടിഐക്ക് സ്ഥലം വാങ്ങാൻ ഒരു കോടി രൂപയും നീക്കിവെച്ചു. ഗ്യാസ് ശ്മശാനത്തിന് 50 ലക്ഷവും ഓഫീസ് നവീകരണത്തിന് 30 ലക്ഷവും തെരുവ് വിളക്കുകൾക്ക് 10 ലക്ഷവും പൊതുഇടങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ 5 ലക്ഷവും ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
പ്രസിഡന്റ് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു.