ബാലുശ്ശേരി: കാട്ടു പന്നികൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത് ജനങ്ങളുടെ ജീവന് ഭീക്ഷണിയാകുന്നു. നേരത്തെ സന്ധ്യമങ്ങുമ്പോഴൾ മാത്രം പുറത്തിറങ്ങിയ പന്നികൾ ഇപ്പോൾ പകൽ സമയത്ത് വരെ റോഡിലൂടെയും പൊതുവഴികളിലൂടെയും യഥേഷ്ടം നടന്നു പോവുകയാണ്. ആളുകളെ കണ്ടാൽ പേടിച്ചോടുകയല്ല, ആക്രമിക്കാൻ വരികയാണ്. നേരത്തെ കൃഷി നശിക്കുന്നതായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ജനങ്ങളുടെ ജീവനും ഭീഷണിയായി മാറുകയാണ് ഇവ.

തെരുവ് നായകളുടെ ശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി നിൽക്കുമ്പോഴാണ് പന്നികൾ കൊലവിളി നടത്തി മുന്നേറുന്നത്. ഉണ്ണികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽ സമയത്ത് പലർക്കും കാട്ടുപന്നിയുടെ അക്രമം ഉണ്ടായിട്ടുണ്ട്. മങ്ങാട് കൊന്നക്കൽ ഹനീഫ, വള്ളിയോത്ത് ആനപ്പാറ കുറുപ്രാരമ്മൽ ഷമീമ ,ഫാത്തിമ തുടങ്ങിയവർക്കെല്ലാം പകലാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.

ഇപ്പോൾ കൂട്ടത്തോടെയാണ് തേനാക്കുഴി കരുമല ഭാഗത്ത് കാട്ടുപന്നികൾ ഇറങ്ങുന്നത്. നേരം ഇരുട്ടുന്നതിന് മുമ്പേ ഇവ ഇറങ്ങുന്നത് പ്രദേശവാസികൾ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം കൂട്ടത്തോടെ ഇറങ്ങിയ 13 പന്നികളിൽ നിന്നും തലനാരിയയ്ക്കാണ് തേനാക്കുഴി കുന്നുമ്മൽ ഗംഗാധരൻ രക്ഷപ്പെട്ടത്. കൃഷിക്ക് മാത്രമല്ല ജീവന് കൂടി ഭീഷണി വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുകയാണ് നാട്ടുകാർ. പന്നികളുടെ കൂട്ടത്തോടെ വരവ് ഒഴിവാക്കൻ എത്രയും പെട്ടന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.