കൊയിലാണ്ടി: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ബാൻഡ് മേളങ്ങളും കലാരൂപങ്ങളുമായി തിരുവങ്ങൂർ മുതൽ കാപ്പാട് കടലോരം വരെ നടന്ന റാലി വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശക്തിതെളിയിക്കുന്നതായി. കാപ്പാട് ശാദി മഹലിലെ ധീരജ് നഗറിൽ ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്തു. കെ.വി.അനുരാഗ് രക്തസാക്ഷി പ്രമേയവും സരോദ് ചങ്ങാടത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്നിന് സമ്മേളന സുവനീർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും. ഞായറാഴ്ച സമ്മേളനം സമാപിക്കും.