
കുന്ദമംഗലം: ഗൂഗിൾ മാപ്പിന്റെ കാലത്ത് എന്തിനാ ഇപ്പോൾ റോഡരികിൽ ദിശാബോർഡുകൾ? എന്നാൽ ഇപ്പോഴും ദിശാബോർഡുകളെ ആശ്രയിക്കുന്നവർ ധാരാളമുണ്ട്. മൊബൈൽഫോണിലെ ലോക്കേഷൻമാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നവരും ദിശാബോർഡുകൾ നോക്കിയാണ് സ്ഥലം ഉറപ്പ് വരുത്തുക. പണ്ട് കുറെക്കാലം മഞ്ഞയിൽ കറുത്ത അക്ഷരങ്ങളിലാണ് ഇവ എഴുതിയിരുന്നത്. ഇപ്പോൾ പച്ചയിൽ വെള്ള അക്ഷരത്തിലാണ് ദിശാബോർഡുകൾ.
കുന്ദമംഗലം അങ്ങാടിയിലെ മുക്കം റോഡിൽ ഗുഡ്സ് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള രണ്ട് സ്ഥലനാമ ദിശാബോർഡുകൾ കാടുമൂടിയും പായൽ പിടിച്ചും നശിക്കുന്നു. കുന്ദമംഗലത്ത് മാത്രമല്ല ജില്ലയുടെ പല ഭാഗത്തും കാടു വളർന്നുകയറിയും മരച്ചില്ലകൾ താഴ്ന്നും ബോർഡുകൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് കാരണം ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ ദിശയും സ്ഥലവും അറിയാതെ പാടുപെടുന്നു. മുക്കം ഭാഗത്ത് നിന്ന് കുന്ദമംഗലം അങ്ങാടിയിലേക്ക് ആദ്യമായി പ്രവേശിക്കുന്നവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു രണ്ട് ബോർഡുകൾ കാടുമൂടി നാശത്തിന്റെ വക്കിലാണ്. കുന്ദമംഗലം അങ്ങാടിയിലെ ഏറ്റവും തിരക്കുള്ള സ്ഥലമായ ഇവിടെ റോഡരികുകൾ വൃത്തിയാക്കുവാനോ അനധികൃത പാർക്കിംഗ് തടയുവാനോ അധികൃതർ മെനക്കെടാറില്ല. അങ്ങാടി സൗന്ദര്യവൽക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പദ്ധതികളൊരുക്കുന്നുണ്ടെങ്കിലും കാടുമൂടിയ ദിശാബോർഡുകൾ അടിയന്തരമായി വൃത്തിയാക്കേണ്ടതുണ്ട്. മുക്കം റോഡിലെ ഓവുചാലുകൾ മണ്ണിനടിയിലായിട്ട് വർഷങ്ങൾ കഴിഞ്ഞെന്നും മഴക്കാലത്ത് ഇവിടെ നിൽക്കാൻകഴിയില്ലെന്നും ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ പറയുന്നു.