news
പൊട്ടി തകർന്ന കുറ്റ്യാടി ഹൈസ്ക്കൂൾ റോഡിന്റെ ഒരു ഭാഗം

കുറ്റ്യാടി: കുടിവെള്ള പൈപ്പ് പൊട്ടി കുറ്റ്യാടി ഹൈസ്കൂൾ റോഡ് നശിക്കുന്നു. വേനലിലും മഴക്കാലത്തും കുറ്റ്യാടി ഹൈസ്കൂൾ റോഡ് എന്നും ചെളികുളം തന്നെയാണ്. ഈ ചെളികുളം നീന്തികടന്ന് ആണ് കുറ്റ്യാടി ഹൈസ്കൂളിൽ വിദ്യാർത്ഥികൾ എത്തുന്നത്. വർഷങ്ങളായി വാട്ടർ അതോറട്ടറിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിൽ ഒഴുകാൻ തുടങ്ങീട്ട്. വാട്ടർ അതോറട്ടറി വെള്ളം തുറന്ന് വിടുമ്പോൾ പൊട്ടിയ പൈപ്പിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം റോഡിലൂടെ ഓവ് ചാലിലേക്ക് ഉപയോഗശൂന്യമായി പതിക്കുകയാണ്. കുറ്റ്യാടി അങ്ങാടിയോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് ബാങ്കുകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങളിലേക്കും സഞ്ചരിക്കുന്നവർക്ക് ഈ വഴിയുള്ള യാത്ര ദുഷ്കരമാണ്. തകർന്ന റോഡ് പലതവണ മരാമത്ത് പണികൾ ചെയ്തെങ്കിലും പൊട്ടിയ പൈപ്പിൽ നിന്നും ഒഴുകി എത്തുന്ന വെള്ളം റോഡിനെ തകർക്കുകയാണ്. തകർന്ന് കിടക്കുന്ന റോഡിൽ നിന്നും വേഗതയിലോടുന്ന വാഹനങ്ങളുടെ ടയർപ്പെട്ട് കരിങ്കൽ ചീളുകൾ കടകളിലേക്ക് തെറിക്കുന്നതായും പരാതിയുണ്ട്. കുടിവെള്ളത്തിന് കുടുംബങ്ങൾ കഷ്ടപ്പെടുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. വെള്ളം പാഴാകുന്നതിനൊപ്പം റോഡും നശിക്കുന്നതിൽ നാട്ടുക്കാർക്കിടയിൽ അമർഷമുണ്ട്.