സുൽത്താൻ ബത്തേരി: ബത്തേരി മണ്ഡലത്തിലെ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും, പട്ടയവുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേഗത്തിൽ നടപടികൾ കൈക്കൊണ്ടുവരികയാണെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. നിർമ്മാണ നിരോധന വിഷയങ്ങളും ഇതിൽപെടും.
ബത്തേരി നഗരസഭയിലെ ഫെയർലാൻഡ്, ചൂരിമല, ചെതലയം, പൂതാടി പഞ്ചായത്തിലെ ഇരുളം മിച്ചഭൂമി, അമ്പലവയൽ പഞ്ചായത്തിലെ കുറ്റിക്കൈത - വികാസ് കോളനി, ചീങ്ങേരി എന്നിവിടങ്ങളിലെ പട്ടയ പ്രശ്നം, മുളളൻകൊല്ലി പഞ്ചായത്തിലെ റീസർവേ അപാകതകൾ, നൂൽപ്പുഴ പഞ്ചായത്തിലെ ഫോറസ്റ്റ് ലീസ് ഭൂമി വിഷയങ്ങൾ, ഡബ്ല്യൂ.സി.എസ് ഭൂമികളിലെ നിർമ്മാണ നിരോധനം എന്നിവയെല്ലാം പരിഹരിക്കപ്പെടേണ്ടവയാണ്. ഇക്കാര്യങ്ങൾ നിയമസഭയിലും, റവന്യൂ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിലും പെടുത്തിയിരുന്നു.
ഈ വിഷയങ്ങളിൽ തഹസിൽദാരുടെയും, എൽ.ആർ ഡെപ്യൂട്ടി കലക്ടറുടെയും സാന്നിദ്ധ്യത്തിൽ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും, ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി യോഗം ചേരുകയും സമയബന്ധിതമായി പരിഹരിക്കുന്നതിന് റവന്യൂ പോർട്ടലിൽ രേഖപ്പെടുത്തുന്നതിനും തീരുമാനിച്ചു.
മാർച്ച് 16 ന് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എമാർ, കലക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ റവന്യൂ സെക്രട്ടറി, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ തിരുവനന്തപുരത്ത് യോഗം ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരം താമസിയാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു.