സുൽത്താൻ ബത്തേരി: ബത്തേരി സെന്റ് മേരീസ് കോളേജിന് സമീപമുള്ള ടൗൺ സ്‌ക്വയർ ലഹരിയുടെ കേന്ദ്രമാവുന്നു. ന്യുജെൻ ലഹരിവസ്തുവായ എംഡിഎംഎ പോലുള്ളവയാണ് ഇവിടെ ലഹരി മാഫിയ വിറ്റഴിക്കുന്നത്. സമീപത്തുള്ള കലാലയത്തിലെ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് വിൽപ്പന. ലഹരി ഗുളികകൾക്ക് പുറമെ കഞ്ചാവും ഈ സംഘം വിൽപ്പന നടത്തുന്നുണ്ട്.
ഡി.ടി.പി.സിയുടെ കീഴിലുള്ള ഈ പാർക്കിൽ പ്രവേശിക്കുന്നതിന്10 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്ത് പാർക്കിനകത്ത് കയറുന്നവർക്ക് ഉല്ലസിക്കാനായി ഊഞ്ഞാലുകളും കുട്ടികൾക്ക് കളി ഉപകരണങ്ങളുമുണ്ട്. അകത്ത് കയറുന്നവർ അവിടെ എന്ത് ചെയ്യുകയാണെന്ന് നോക്കാൻ ആരും ഇല്ല. ഈ അവസരം മുതലാക്കിയാണ് ലഹരി മാഫിയയുടെ പ്രവർത്തനം. സദാചാര വിരുദ്ധ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ പരാതി എത്തിയിരുന്നു.
സദാചാര വിരുദ്ധരുടെ പാർക്കിലെ അഴിഞ്ഞാട്ടം പാർക്കിലെത്തുന്ന കുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നു. പാർക്ക് ശുചീകരണത്തിനെത്തിയ സ്ത്രീ തൊഴിലാളികൾക്കു പോലും ഇവർ പ്രശ്നമാവുന്നതായി പരാതിയുണ്ട്.