സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരാഴ്ചയായി ഇടവിട്ട് വയനാട്ടിൽ ചെയ്തുവരുന്ന മഴയിലും കാറ്റിലും വ്യാപക നാശം. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നാണ്യ വിളകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. നിരവധി പേരുടെ വിടുകൾക്കും കേട്പാട് സംഭവിച്ചു .മരങ്ങൾ കടപുഴകി വീണ് പല ഭാഗത്തും വൈദ്യുതി ബന്ധവും തകരാറിലായി.
തെങ്ങ്, കമുക്, വാഴ, റബ്ബർ തുടങ്ങിയ വിളകളാണ് വ്യാപകമായി നശിച്ചത്. കഴിഞ്ഞ ആഴ്ച നടവയൽ പൂതാടി ഭാഗങ്ങളിലായിരുന്നു വ്യാപക നാശമുണ്ടായത്. കഴിഞ്ഞ ദിവസം അമ്പലവയൽ, നെന്മേനി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റും മഴയും നാശം വിതച്ചത്.
നെന്മേനി പഞ്ചായത്തിലെ ആനപ്പാറ, മാളിക, തെക്കൻകൊല്ലി പ്രദേശങ്ങളിലും അമ്പലവയൽ പഞ്ചായത്തിലെ അമ്പലവയൽ, നരിക്കുണ്ട്, മഞ്ഞപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും വേനൽ മഴ നാശം വിതച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് നെന്മേനി പഞ്ചായത്തിൽ നാശം വിതച്ച കാറ്റും മഴയുമുണ്ടായത്. മരങ്ങൾ പൊട്ടിവീണും, മേൽക്കൂരകൾ കാറ്റിൽ പറന്നും നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ലൈനിന് മേൽ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.
എ.എക്സ്.ജോസ്, നാരായണൻകുട്ടി, രഞ്ജൻ, റഫീഖ്, എന്നിവരുടെ വീടുകളുടെ മേൽകൂരയിലെ ഷീറ്റും ഓടുകളും കാറ്റിൽ പാറിപ്പോയി. പാറു എന്നയാളുടെ വീടിന് മേൽ മരം വീണ് വീട് തകർന്നു. ഈ സമയം പാറു വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രദേശത്തെ കർഷകരായ ഷാജി പ്രമോദ്, തെൽഹത്ത്,അനീഷ്, കുമാരൻ, വാസു, ഗോപാലൻ, ഷൈജു, പത്മനാഭൻ, ചീരു, കുട്ടികൃഷ്ണൻ, മാത്യു തുടങ്ങിയ നിരവധി കർഷകരുടെ വിളകളാണ് കാറ്റിൽ നിലംപൊത്തിയത്.
മൂവായിരത്തോളം നേന്ത്ര വാഴകളും നൂറോളം റബ്ബർമരങ്ങളും കാറ്റിൽ നിലംപൊത്തി. മരങ്ങൾ പൊട്ടിവീണ് വിച്ഛേദിക്കപ്പെട്ട വൈദ്യുത കണക്ഷൻ ഇന്നലെ വൈകിട്ടാണ് പുനസ്ഥാപിക്കാനായത്.
ഫോട്ടോ- നാശനഷ്ടം
കാറ്റിലും മഴയിലും തെക്കൻകൊല്ലി പ്രദേശത്ത് നിലംപൊത്തിയ വാഴകൾ