കോഴിക്കോട്: കത്തുന്ന ചൂടിൽ ദുരിതം പേറി മിണ്ടാപ്രാണികളും. ജലാശയങ്ങളിൽ വെള്ളം കുറഞ്ഞതും ചൂട് കൂടുന്നതും ഇവരെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. തണലത്ത് മാറി നിൽക്കാനോ കുളിക്കാനോ കഴിയാതെ കന്നുകാലികളും അരുമ മൃഗങ്ങളും വരെ വേനലിൽ പൊരിയുകയാണ്.

മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ സ്വയം മുൻകരുതൽ സ്വീകരിക്കുമ്പോൾ ഇതിനു ശേഷിയില്ലാത്ത വിഭാഗമാണ് പക്ഷികൾ. പുറത്ത് ചുട്ട് പഴുത്ത കമ്പികൂട്ടിൽ കിടക്കുന്ന ഇവർക്ക് ഈ സമയത്ത് പ്രത്യേക ശ്രദ്ധതന്നെ നൽകണം. ഇരുമ്പ് കൂട്ടിൽ ഇരുമ്പ് ചങ്ങലയിൽ കെട്ടുന്ന നായകളുടെയും അവസ്ഥ ഇത് തന്നെ. തണലിലേയ്ക്ക് കൂട് മാറ്റുക, തണുത്ത വെള്ളം ഇടവിട്ട് നൽകുക തുടങ്ങിയ വഴികൾ സ്വീകരിക്കാം. കന്നുകാലികൾക്ക് കിതപ്പ്, തളർന്നു വീഴൽ, വായിൽനിന്ന് നുരയും പതയും, പൊള്ളലേറ്റ പാട് തുടങ്ങി സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രാവിലെ 11 മുതൽ വൈകിട്ട് 5 വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടരുത്

 വെള്ളം കൂടുതൽ നൽകുക

 നിർജലീകരണം ഒഴിവാക്കുന്ന ഭക്ഷണക്രമം

തൊഴുത്തിൽ വായുസഞ്ചാരമുണ്ടാവണം. തണുത്ത അന്തരീക്ഷം നിലനിറുത്തുക.

 രാവിലെയും വൈകിട്ടും മാത്രം കുളിപ്പിക്കുക. നട്ടുച്ചയ്ക്ക് വേണ്ട

 ഉഷ്ണകാല മരുന്നുകൾ മൃഗാശുപത്രികളിൽ ലഭ്യമാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാം

 വെള്ളം തെറിപ്പിക്കുന്ന ചെറിയ സ്പ്രിംങ്ങളുകൾ കൂട്ടിലും തൊഴുത്തിലും വക്കാം