കോഴിക്കോട്: കൊവിഡിനെ മറന്ന് ജനം ഇറങ്ങിയതോടെ വിപണിയിൽ പ്രതീക്ഷയുടെ ആളനക്കം. നിയന്ത്രണങ്ങൾ അയഞ്ഞ ഉത്സവകാലത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് വ്യാപാര മേഖല. വിഷു, റംസാൻ വിപണിയിൽ വലിയ ഒരുക്കങ്ങളാണ് വ്യാപാരികൾ നടത്തിയിരിക്കുന്നത്. ടെക്സ്റ്റൈലുകൾ, മൊബൈൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം പുത്തൻ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്. ആകർഷകമായ സമ്മാന പദ്ധതികളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൺസ്യൂമർ ഫെഡിന്റേതുൾപ്പെടെ വിപണന മേളകൾക്ക് തുടക്കമായി. സൂപ്പർ മാർക്കറ്റുകളും മാളുകളുമെല്ലാം ആഘോഷത്തെ വരവേൽക്കാൻ സജ്ജമായി കഴിഞ്ഞു.
രണ്ട് വർഷത്തോളം കൊവിഡ് പ്രതിസന്ധിയിലായിരുന്ന വ്യാപാരമേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന കാഴ്ചയാണ് നഗരത്തിലെങ്ങും. നിയന്ത്രണങ്ങളിൽ അയവുവന്നതോടെ തിരിച്ചെത്തിയ ആഘോഷ പരിപാടികൾ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.
കൊവിഡ് പശ്ചാത്തലത്തിൽ നനഞ്ഞുപോയ പടക്ക വിപണി ഇത്തവണ ഉണങ്ങി ഉണർന്നു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച നേട്ടമാണ് പടക്ക വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. വർണ കാഴ്ചയൊരുക്കുന്ന പടക്കങ്ങളാണ് വിപണിയിൽ കൂടുതലും. കിറ്റുകളാക്കിയാണ് പടക്ക കച്ചവടക്കാൻ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
അതെസമയം അവശ്യ സാധനങ്ങളുടെ വിലക്കയറ്റം വിപണിക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. അടിക്കടിയുള്ള ഇന്ധനവില വർദ്ധനവാണ് ഇരുട്ടടിയായിരിക്കുന്നത്. പച്ചക്കറി വിലയിലാണ് വൻ കുതിപ്പ്. നോമ്പ് തുടങ്ങിയതോടെ പഴവർഗങ്ങൾക്കും വില ഉയർന്നു. വിഷു അടുക്കുമ്പോൾ പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
മിഠായിത്തെരുവിലും പാളയത്തും നല്ല തിരക്കാണ്. മാളുകളിലും തിരക്ക് ഏറിവരികയാണ്. മാനാഞ്ചിറ, ബീച്ച് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി ആളുകളാണ് എത്തുന്നത്. തെരുവ് കച്ചവടവും സജീവമായി ത്തുടങ്ങി. കൃഷ്ണ വിഗ്രഹങ്ങളുടെയും മൺപാത്രങ്ങളുടെയും കച്ചവടവും സജീവമായി. റംസാനോടുബന്ധിച്ച് പഴ വിപണിയും ഉണർന്നു. വിലക്കയറ്റമാണ് പ്രധാന പ്രതിസന്ധിയായി ഉപഭോക്താക്കൾ പറയുന്നത്. ഇതിനെ ഓഫറിലൂടെയും സമ്മാനപദ്ധതികളിലൂടെയും മറിടക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.