മേപ്പാടി: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് റോളർ തുരുമ്പെടുത്തു നശിക്കുന്നു. എട്ടു വർഷം മുൻപ് യന്ത്രത്തകരാറിനെ തുടർന്ന് നിർത്തിയിട്ട റോഡ് റോളറാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് വെയിലും മഴയും കൊണ്ട് റോഡ് റോളർ തുരുമ്പെടുത്ത് നശിക്കുന്നത്. ഇതിന്റെ ബാറ്ററി ഉൾപ്പെടെയുള്ളവ ഇതിനകം മോഷ്ടാക്കൾ കൊണ്ടുപോയി.
ചെറിയ യന്ത്രത്തകരാറിനെ തുടർന്ന് നിർത്തിയിട്ടതായിരുന്നു വാഹനം.
2014ൽ തകരാർ പരിഹരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. 37,000 രൂപ ആവശ്യമാണെന്ന് കണ്ടെത്തി. എന്നാൽ ഇത്രയും തുക ചെലവഴിക്കാൻ ആവില്ലെന്ന് അന്ന് അധികൃതർ നിലപാട് സ്വീകരിച്ചതാണ്
ലക്ഷങ്ങൾ വിലമതിപ്പുള്ള വാഹനം ഇത്തരത്തിൽ നശിക്കാൻ കാരണം. വാഹനം ലേലം ചെയ്ത വിൽപ്പന നടത്തണമെന്ന് സന്നദ്ധ സംഘടനകൾ പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.