ഇത്തവണ സംഭരിച്ചത് 50 ക്വിന്റൽ മാങ്ങ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി തുടർന്നുപോരുന്ന മാങ്ങ കൊടുക്കൽ ആചാരം മുടക്കാതെ മൂടാടി പാലോളി തറവാട്ടുകാർ. അമ്പത് ക്വിന്റൽ മാങ്ങയാണ് ഇത്തവണ സംഭരിച്ച് കൊടുത്തത്. കഴിഞ്ഞ 45 വർഷമായി മുടക്കമില്ലാതെ ഈ ആചാരം തുടരുകയാണ് കുടുംബം. കാളിയാട്ട ദിവസം ഉച്ചതിരിഞ്ഞാണ് മാങ്ങ വിതരണം ചെയ്യുക. ഗ്രാമപ്രദേശത്ത് നിന്നാണ് ആവശ്യമായ മാങ്ങ സംഭരിക്കുന്നത്. മാങ്ങ പാകപ്പെടുത്തിയെടുക്കാൻ അമ്പതോളം പേരുണ്ട്. വലിയ വട്ടകളിൽ തയ്യാറാക്കി കാളിയാട്ട ദിവസം ക്ഷേത്ര പരിസരത്ത് എത്തിക്കും. ഉപ്പും മുളകും വെളിച്ചണ്ണയും ചേർത്താണ് പാകപ്പെടുത്തുക. ഇത് നിവേദ്യമായി സമർപ്പിച്ച ശേഷമാണ് ഭക്തജനങ്ങൾക്കായി വിതരണം ചെയ്യുക. പ്രായഭേദമന്യേ ആളുകൾ ഇത് വാങ്ങാൻ തിക്കിതിരക്കും. എരിവ് മാറ്റാൻ വെള്ളവും കൊടുക്കും. ക്ഷേത്രസന്നിധിയിലെത്തുന്നവർക്ക് ഒരാശ്വാസം പകരാനാണ് ഇത്തരമൊരു ചടങ്ങ് തുടങ്ങിയതെന്നാണ് പഴമക്കാർ പറയുന്നത്. രാജഭരണം തൊട്ട് കണ്ണാടിക്കൽ തറവാട്ടുകാർ തുടർന്നുപോന്ന ഈ ആചാരം ഇടക്കാലത്ത് നിലച്ച് പോയിരുന്നു. പിന്നിട് പാലോളിക്കാർ ഏറ്റടുത്ത ചടങ്ങ് കഴിഞ്ഞ നാലര പതിറ്റാണ്ടായി തുടർന്ന് പോരുകയായിരുന്നു.

പടം: കാളിയാട്ട ദി വസം നിവേദ്യത്തിനും തുടർന്ന് വിതരന്നത്തിനു യി മാങ്ങ തയ്യാറാക്കുന്നു.