കൽപ്പറ്റ: റംസാൻ വ്രതത്തിന് തുടക്കമായതോടെ പഴവർഗങ്ങൾക്ക് എല്ലാം വില കൂടി. ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, അനാർ തുടങ്ങി ഒട്ടുമിക്ക പഴവർഗ്ഗങ്ങൾക്കും വില കൂടിയിട്ടുണ്ട്.
റംസാൻ നോമ്പുകാലത്ത് പഴവർഗങ്ങൾ ധാരാളമായി വിൽപ്പന നടക്കാറുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിൽ കൊവിഡ് വ്യാപനം കാരണം പഴവർഗ വിപണി പ്രതിസന്ധിയിലായിരുന്നു. ഇത്തവണ ചൂട് കൂടിയതും അനുകൂലമായി. ഭൂരിഭാഗം പഴവർഗ്ഗങ്ങളും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. ഇന്ധന വില വർധനവും
പഴവർഗങ്ങൾക്ക് വില ഉയരാൻ കാരണമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ഏതാനും ആഴ്ചകൾക്കിടയിലാണ് ഇത്തരത്തിൽ വില ഉയർന്നത്.
2017 മുതൽ പഴവർഗ്ഗ വിപണിയിൽ പ്രതിസന്ധിയാണ്. നിപ വ്യാപനവും പിന്നാലെയെത്തിയ പ്രളയവും കൊവിഡ് വ്യാപനവുമാണ് പ്രതിസന്ധിയിലാക്കിയത്. ഇത്തവണ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ആപ്പിൾ 200, വെള്ള മുന്തിരി 100, കറുത്ത മുന്തിരി 80, പൈനാപ്പിൾ 60, സപ്പോട്ട(ചിക്കു) 100 എന്നിങ്ങനെയാണ് വില. ചൂടുകാലത്ത് ഏറ്റവുമധികം വിറ്റുപോകുന്ന തണ്ണിമത്തൻ കിലോയ്ക്ക് 20 രൂപയാണ്.