മാനന്തവാടി: മാനന്തവാടിയിൽ നിന്ന് കുട്ടയിലക്ക് സർവ്വീസ് നടത്തുന്ന ബസ് ട്രിപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ കാട്ടിക്കുളം, തോല്‌പ്പെട്ടി പ്രദേശങ്ങളിൽ നിത്യവൃത്തിക്കായി പണിയെടുക്കുന്ന തൊഴിലാളികളടക്കമുള്ള നിരവധി യാത്രക്കാർ ദുരിതത്തിലായി. കൊവിഡിന് മുമ്പ് മാനന്തവാടിയിൽ നിന്ന് കുട്ടയിലേക്ക് ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. നിലവിൽ സർവ്വീസുകളുടെ എണ്ണം നാലാക്കി.
കുട്ടയിൽ നിന്ന് മാനന്തവാടിക്ക് രാത്രി സർവ്വീസില്ലാത്തതിനാൽ തോല്‌പെട്ടി കാട്ടിക്കളം മേഖലയിലെ തൊഴിലാളികളടക്കമുള്ള യാത്രക്കാർ പ്രയാസപ്പെടുകയാണ്. ഏഴു മണിക്ക് ശേഷം കുട്ടയിൽ നിന്ന് മാനന്തവാടിക്ക് ബസ്സില്ല.
കൊവിഡിനുമുൻപ് രാത്രി 8.45 ന് കൂട്ടയിൽ നിന്ന് മാനന്തവാടിക്ക് ഓടിയിരുന്ന ബസ് നിരവധി യാത്രക്കാർക്ക് ആശ്വാസമായിരുന്നു. രാത്രി 7.20 ന് മാനന്തവാടിയിൽ നിന്ന് കുട്ടയിലേക്കും തിരിച്ച് മാനന്തവാടിയിലേക്കും നടത്തിയിരുന്ന സർവീസ് മാനന്തവാടിക്കും കുട്ടയ്ക്കും ഇടയിലുള്ള വനപ്രദേശത്തുള്ളവർക്ക് സുരക്ഷിതമായി വീട്ടിലെത്താൻ സഹായകമായിരുന്നു.
തോല്‌പ്പെട്ടി, കാട്ടിക്കളം എന്നിവിടങ്ങളിൽ നിന്ന് കുട്ടയിൽ പണിക്കു പോയി തിരിച്ചു വരാൻ നിരവധി സാധാരണക്കാരായ തൊഴിലാളികൾ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. അധിക തുക നൽകി മറ്റ് വാഹനങ്ങളിലാണ് ഇപ്പോൾ ഇവർ വീടുകളിലേക്ക് മടങ്ങുന്നത്. തോല്‌പ്പെട്ടി, കാട്ടിക്കുളം മേലിലെ സാധാരണക്കാരെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ അധികൃതർ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് തൊഴിലാളികളടക്കമുള്ള യാത്രക്കാരുടെ ആവശ്യം.