അത്തോളി: കാലങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന അത്തോളി ടൗണിലെ ഗതാഗത കുരുക്ക് വാഹനങ്ങൾക്കും യാത്രക്കാർക്കും ഊരാക്കുരുക്കായി മാറുന്നു. പാവങ്ങാട് നിന്ന് കുറ്റ്യാടി -കൽപ്പറ്റ - മാനന്തവാടി ടൗണുകളുമായി ബന്ധിപ്പിക്കുന്ന സ്‌റ്റേറ്റ് ഹൈവേ കടന്ന് പോവുന്ന അത്തോളി ടൗണിൽ റോഡിന്റെ വീതി കുറവ് മൂലം മണിക്കൂറുകളോളമാണ് ഗതാഗതകുരിക്ക് അനുഭവപ്പെടുന്നത്. നാലു വാഹനങ്ങൾ ഒരുമിച്ചെത്തിയാലോ ഏതെങ്കിലും വാഹനം റോഡ് സൈഡിൽ പാർക്ക് ക്ക് ചെയ്താലോ ഗതാഗത കുരുക്ക് കൂടും. ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങൾ കടന്ന് പോവുന്ന ടൗണിന്റെ ദുരവസ്ഥ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നടപടികളൊന്നുമുണ്ടായിട്ടില്ല. വാഹനപ്പെരുപ്പം നാൾക്കുനാൾ കൂടി വരുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുകയാണ്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് കടന്ന് പോവാൻ സാധിക്കാത്ത വീതി കുറഞ്ഞ റോഡിൽ വഴിയാത്രക്കാർ ജീവൻ പണയം വെച്ചാണ് നടന്ന് പോവുന്നത്. പാവങ്ങാട് മുതൽ ഉള്ള്യേരി വരെ 100 കോടി ചെലവിൽ കിഫ്ബി റോഡ് വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തെങ്കിലും ഇതിന്റെ പ്രരാംഭ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുകയാണ്. ടൗണിലെ ഗതാഗത കുരുക്ക് മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ആളുകൾക്ക് വാഹനങ്ങൾ പാ‌ർക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. ഇതുമൂലം ആളുകൾ കടകളിലേക്ക് എത്തിപ്പെടാത്തതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ് ഷിജു വി.എം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡന്റ് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ തീരദേശ റോഡ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിലാണ് ഷീബ രാമചന്ദ്രൻ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്