കൽപ്പറ്റ: കോഴിയിറച്ചി വിലയിൽ കുറവില്ല. കിലോയ്ക്ക് 230 രൂപ മുതൽ 240 രൂപ വരെയാണ് ഇപ്പോഴത്തെ വില. രണ്ടുമാസം മുൻപ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 160 രൂപ ആയിരുന്നു വില. രണ്ടുമാസത്തിനിടെ 80 രൂപയാണ് വർദ്ധിച്ചത്. 280 രൂപ വരെ ഉയർന്ന ശേഷം വില അല്പം താഴുകയായിരുന്നു. ഉൽപ്പാദന കുറവാണ് വില ഉയരാൻ കാരണമായി കച്ചവടക്കാർ പറയുന്നത്. പ്രാദേശിക കോഴി ഫാമുകൾ കൂട്ടത്തോടെ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി.
കോഴി തീറ്റ വില വർദ്ധിച്ചതടക്കം ഉൽപാദനച്ചെലവ് കൂടിയതോടെയാണ് ഫാമുകൾ വ്യാപകമായി അടച്ചിടാൻ കാരണമായത്. കോഴിത്തീറ്റ ഇരട്ടിയോളം വില കൂടിയെന്ന് കർഷകർ പറയുന്നു.
തമിഴ്നാട്ടിൽ മൊത്തക്കച്ചവടക്കാർ കേരളത്തിലെ കോഴി വിപണി തകർക്കാൻ കൃത്രിമ ക്ഷാമം വരുത്തുന്നതും പതിവാണ്.
ഇത്തരത്തിലുള്ള അനുഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്രയും നീണ്ട കാലം വില ഉയർന്നിരുന്നില്ല. റംസാൻ നോമ്പുകാലത്ത് ഏറ്റവുമധികം വിൽപന നടന്നിരുന്നതാണ്. വിലവർദ്ധനവ് കാരണം കച്ചവടം നന്നേ കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു.