സുൽത്താൻ ബത്തേരി: ഡയാലിസിസ് നടക്കുന്നതിനിടെ സെന്ററിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് ഡയാലിസിസ് മണിക്കുറുകളോളം തടസപ്പെട്ടു. രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് പുറമെ നിന്ന് ജനറേറ്റർ കൊണ്ടുവന്ന് ഡയാലിസിസ് പുനരാരംഭിച്ചത്.
സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് ഇന്നലെ വൈദ്യുതി ബന്ധം നിലച്ചത് കാരണം രോഗികൾ ദുരിതത്തിലായത്.
രാവിലെ 7 മണിയോടെയാണ് ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചത്. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും രോഗികളെ വലച്ചുകൊണ്ട് സെന്ററിലേക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടു. ഈ സമയം പത്ത് പേർ ഡയാലിസിസിന് വിധേയമായികൊണ്ടിരുന്നു. വൈദ്യുതി നിലച്ചതോടെ ഇവരുടെ ഡയാലിസിസ് പാതി വഴിക്ക് മുടങ്ങി.
ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിപ്പിച്ചെങ്കിലും സെന്ററിലേക്കുള്ള കണക്‌ഷൻ പ്രവർത്തനക്ഷമമല്ലായിരുന്നു. സെന്ററിലെ യു.പി.എസ് ഉപയോഗിച്ച് ഒരു മണിക്കൂർ മാത്രമേ പത്ത് ഡയാലിസിസ് യന്ത്രങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ.
സാധാരണ വൈദ്യുതി നിലച്ചാൽ ഡയാലിസിസ് സെന്റർ, എക്സ്റേ, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്കായി സ്ഥാപിച്ച ജനറേറ്റർ പ്രവർത്തിപ്പിക്കാറാണ് പതിവ്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന വേസ്റ്റ് കോരിമാറ്റാൻ എത്തിയ ജെസിബി തട്ടി യുജി കേബിൾ കണക്‌ഷൻ വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ വിവരം ജെസിബിക്കാർ ആശുപത്രി അധികൃതരെ അറിയിച്ചുമില്ല. ഇതോടെയാണ് സെന്ററിലേക്കുള്ള വൈദ്യുതി ബന്ധം പൂർണമായി നിലച്ചത്.
ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി കണക്‌ഷൻ പൊട്ടിക്കിടക്കുന്ന വിവരമറിഞ്ഞപ്പോഴേക്കും ഒരു മണിക്കൂർ സമയം പിന്നിട്ടിരുന്നു. പൊട്ടിയ കേബിൾ യോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമം നടത്തിയങ്കിലും വിജയിച്ചില്ല. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ബഹളം വെക്കാൻ തുടങ്ങി. അവസാനം പുറത്ത് നിന്ന് ജനറേറ്റർ കൊണ്ടുവന്നാണ് ഡയാലിസിസ് പുനരാരംഭിച്ചത്. അഞ്ച്‌പേർ അടുത്ത ദിവസം ഡയാലിസിസ് ചെയ്യാമെന്നറിയിച്ച് വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ 50 -ലേറെ രോഗികളാണ് ഡയാലിസിസ് ചെയ്തുവരുന്നത്. ഒരു ദിവസം 25 പേരാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു ബാച്ചിൽ 10 പേരെവീതമാണ് ഡയലിസിസിന് വിധേയമാക്കുന്നത്. ഒരാൾക്ക് നാല് മണിക്കൂറാണ് വേണ്ടത്. ഇത്രയേറെ രോഗികൾ ഡയാലിസിസിന് ആശ്രയിക്കുന്ന ഈ സെന്ററിന് മാത്രമായി ഒരു ജനറേറ്റർ സ്ഥാപിക്കണമെന്നാണ് ആവശ്യം.
ഫോട്ടോ--ഡിസി
ഡയാലിസിസ് തടസപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും.