gate
വെസ്റ്റ് ഹിൽ യാർഡിൽ സ്ഥാപിച്ച വലിച്ചടക്കാവുന്ന ഗേറ്റുകൾ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വലിച്ചടക്കാവുന്ന നാല് റെയിൽവേ ഗേറ്റുകൾകൂടി. കഴിഞ്ഞ മാസം ജില്ലയിൽ സ്ഥാപിച്ച മൂന്ന് ഗേറ്റുകൾക്ക് പുറമെയാണ് പുതിയ നാല് ഗേറ്റുകൾകൂടി സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട്- വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനുകൾക്ക് മദ്ധ്യേയുള്ള ഗേറ്റ് നമ്പർ 187 , വെസ്റ്റ്ഹിൽ യാർഡിലെ 189,190 നമ്പർ ഗേറ്റുകൾ വെസ്റ്റ് ഹില്ലിനും എലത്തൂരിനും മദ്ധ്യേയുള്ള 191 നമ്പർ ഗേറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചത്.

ലെവൽ ക്രോസിംഗുകളിൽ ഗതാഗതം സുഗമമാക്കുന്നതിനാണ് വലിച്ചടക്കാവുന്ന ഗേറ്റുകൾ സ്ഥാപിച്ചത്. ലെവൽക്രോസ് ഗേറ്റുകളിൽ വാഹനമിടിക്കുമ്പോഴും സാങ്കേതിക തകരാറ് മൂലം അടയ്ക്കുന്നതും തുറക്കുന്നതും തടസപ്പെടുമ്പോഴും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇതുവഴി കഴിയും. നിലവിലുള്ള ഉയർത്താവുന്നതും താഴ്ത്താവുന്നതുമായ ഗേറ്റിന് കേടുപാട് സംഭവിക്കുകയാണെങ്കിൽ വലിച്ചടക്കാവുന്ന ഗേറ്റുകൾ ഉപയോഗിച്ച് റോഡ് - റെയിൽ ഗതാഗതം തടസം കൂടാതെ കൊണ്ടുപോകാൻ കഴിയും.

ലെവൽ ക്രോസിംഗിലെ ഉയർത്താവുന്ന ഗേറ്റിന് സാങ്കേതിക തകരാറുണ്ടായാൽ ട്രെയിനുകൾക്ക് വഴിയൊരുക്കാൻ വാഹനങ്ങളെ തടഞ്ഞു നിർത്തുന്നതിന് ഇരുമ്പുകൊണ്ടുള്ള ഭാരമേറിയ സുരക്ഷാ ചങ്ങലയും വാഹനങ്ങൾ നിർത്തുന്നതിന് നിർദ്ദേശം നൽകുന്ന സ്റ്റോപ്പ് ബോർഡുകളുമാണ് ഉപയോഗിക്കാറുള്ളത്. ഇത് ലളിതമായ പ്രക്രിയയാണെങ്കിലും ലെവൽക്രോസ് ഗേറ്റും സിഗ്നലുകളുമായി ബന്ധിപ്പിച്ചതിനാൽ ട്രെയിൻ കടത്തിവിടുന്നതിനുള്ള നടപടിക്രമങ്ങൾക്ക് സമയമെടുക്കും. സാധാരണ നിലയിൽ ലെവൽ ക്രോസിംഗുകൾ അടച്ചാൽ ട്രെയിനിന് കടന്നുപോകാനുള്ള പച്ച സിഗ്നൽ ലഭിക്കും. ലെവൽക്രോസ് ഗേറ്റിന്റെ പ്രവർത്തനം നിലച്ചാൽ, ഗേറ്റിനോടനുബന്ധിച്ച് ട്രെയിൻ ഗതാഗതത്തിനായി നൽകിയിരിക്കുന്ന സിഗ്നലിന്റെ പ്രവർത്തനവും നിലയ്ക്കും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വണ്ടി നിശ്ചിത സിഗ്നലുകൾക്കു മുമ്പായി നിർത്തി ഗേറ്റ് കീപ്പർ നൽകുന്ന കൊടിയടയാളത്തിനോ കളർ ലൈറ്റ് സിഗ്നലിനോ അനുസരിച്ച് വണ്ടി വേഗം കുറച്ച് ലെവൽക്രോസ് വഴി കടന്നുപോകുന്നതാണ് രീതി. 15 മുതൽ 20 മിന‌ുട്ട് വരെ എടുക്കുന്ന ഈ പ്രക്രിയ റോഡ് യാത്രക്കാർക്ക് അലോസരമുണ്ടാക്കാറുണ്ട്.

ഗേറ്റ് കീപ്പർക്ക് അനായാസം വലിച്ചടക്കാവുന്നതും എന്നാൽ സിഗ്നൽ സംവിധാനങ്ങളുമായി ഇണക്കിയതുമായ ഗേറ്റുകൾ പ്രയോജനപ്രദമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. സിഗ്നലുകളുമായി ഘടിപ്പിക്കപ്പെട്ട രീതിയിലാണ് വലിച്ചടക്കാവുന്ന ഗേറ്റുകൾ സ്ഥാപിക്കുന്നത് .ഇത‌ുകൊണ്ട് വണ്ടികളുടെ സമയനഷ്ടം ഒഴിവാക്കി നിലവിലുള്ള ഉയർത്തുന്നതും താഴ്ത്തുന്നതുമായ ഗേറ്റ് പ്രവർത്തിക്കുന്നതുപോലെ അത്യാവശ്യ സന്ദർഭങ്ങളിൽ ഇതും പ്രവർത്തിക്കുന്നു. സിഗ്നൽ സംവിധാനത്തിന്റെ തടസം കൂടാതെയുള്ള പ്രവർത്തനം നടക്കുന്നതിനാൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള റൂട്ടുകളുടെ കൃത്യത ഇന്റർലോക്കിംഗ് സംവിധാനത്തിൽ തന്നെ ഉറപ്പാക്കപ്പെടുകയും ചെയ്യും.