മേപ്പാടി: വടുവൻചാൽ ചെല്ലങ്കോട് കാട്ടാനകളുടെ വിളയാട്ടം. ബുധനാഴ്ച രാവിലെ നാട്ടിലിറങ്ങിയ കാട്ടാനകൾ വ്യാപകമായ കൃഷി നാശമാണ് വരുത്തിയത്. ചന്ദ്രഗിരി പ്രകാശൻ, ബാലൻ ചെട്ടിയാർ തുടങ്ങിയ കർഷകരുടെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലും പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. കാട്ടിൽനിന്നിറങ്ങിയ രണ്ടു കൊമ്പനാനകളാണ് നേരം പുലർന്നിട്ടും ജനവാസകേന്ദ്രത്തിൽ തന്നെ തങ്ങിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളും കാട്ടാനകളെ തുരത്താനായി എത്തിയിരുന്നു.

പ്രദേശത്ത് എത്തിയ വനപാലകർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുനൽകി ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഏതാനും വർഷങ്ങളായി ചോലാടി, ചെല്ലങ്കോട്, ശേഖരൻ കുണ്ട്, ചിത്രഗിരി പ്രദേശങ്ങളിൽ കാട്ടാനകൾ പതിവായി ഇറങ്ങുന്നുണ്ട്. പ്രദേശത്തെ വനാതിർത്തികളിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാലപ്പഴക്കത്താൽ തകർന്നിരിക്കുകയാണ്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.