കോഴിക്കോട് : റെയിൽവേ വികസനം സംബന്ധിച്ച വിവിധ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.
ബംഗളൂരിലേക്ക് മലബാറിൽ നിന്നും പുതിയ സർവീസ്, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിലെ കാലതാമസം, പിറ്റ് ലൈൻ സ്ഥാപിക്കൽ, നിർത്തലാക്കിയ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുന:സ്ഥാപിക്കൽ, പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കൽ എന്നീ പ്രധാന വിഷയങ്ങളാണ് എം.പി മന്ത്രിയുമായി ചർച്ച ചെയ്തത്.
ബംഗളൂരു റൂട്ടിൽ മലബാറിൽ നിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തത ബോദ്ധ്യപ്പെട്ട മന്ത്രി എം.പിയുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പുനൽകി.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പദ്ധതി ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെസ്റ്റ്ഹില്ലിൽ പിറ്റ് ലൈൻ സ്ഥാപിക്കുന്നതിനുള്ള എം.പിയുടെ ആവശ്യത്തിന്മേൽ മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് തേടി.
ഉന്നയിച്ച വിഷയങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ഒരു മാസത്തിന് ശേഷം അവലോകന യോഗം ചേരുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.