ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു
കോഴിക്കോട് : അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ വ്യാപാര പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു.
വിഷു, റംസാൻ ഉത്സവ കാലത്ത് അന്യായമായി വില വർദ്ധിപ്പിക്കാതിരിക്കാൻ വ്യാപാരി സമൂഹം സഹകരിക്കണമെന്നും കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കരുതെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കേതിരെ കർശന നടപടികൾ സ്വീകരിക്കും. വിലവർദ്ധന തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സുധീർ രാജ്, വ്യാപാരി പ്രതിനിധികളായ വി.പി. മുസ്തഫ, കെ.വി. റഷീദ്, ഫിറോസ്, കെ. സുബ്രഹ്മണ്യൻ, പി.ടി. ഷുക്കൂർ, സിൽഹാദ്, എൻ. സുഗുണൻ, ഹിമാൻഷു, ബാബു കൊണ്ടോട്ടി, വി.എസ്. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.