kelappan
കെ. കേളപ്പൻ

കോഴിക്കോട്: കെ. കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ യാത്രയുടെ സ്മൃതിയാത്ര ഈ മാസം 10 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിട്ട് നാലുമണിക്ക് മുതലക്കുളം മൈതാനിയിയിൽ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം അമൃതമഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്രാ അനുസ്മരണം. 1930 ഏപ്രിൽ 13 നായിരുന്നു, കോഴിക്കോട്ടുനിന്ന് പയ്യന്നൂർ കടപ്പുറത്തേക്ക് കേളപ്പജി യാത്ര നടത്തിയത്. ഗാന്ധിജി നടത്തിയ ഉപ്പു സത്യാഗ്രഹ യാത്രയുടെ കേരളത്തിലെ അനുബന്ധ യാത്രയായിരുന്നു കേളപ്പജിയുടേത്. 11,12 തീയതികളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതികേന്ദ്രങ്ങളിലൂടെ ജ്യോതി പ്രയാണം ചെയ്യും. 12 ന് വൈകിട്ട് 5.30ന് കോന്നാട് കെ.പി. കേശവമേനാൻ ശവകുടീരത്തിൽ സ്വാതന്ത്ര്യ സ്മൃതി ജ്യോതി സംഗമം നടക്കുമെന്ന് സ്മൃതിയാത്ര സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

13 ന് രാവിലെ 8.30ന് തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 142 കിലോമീറ്റർ പിന്നിട്ട് 23ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധി മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കും.

വിഷുദിനത്തിൽ കേളപ്പജിയുടെ ഒതയോത്ത് തറവാട്ടിൽ വിപുലമായ വിഷുസദ്യയൊരുക്കുമെന്നും സംഘാടകർ അറിയിച്ചു.

92 വർഷം മുമ്പ്, യാത്രയ്ക്ക് മുന്നോടിയായി, സ്വന്തം തറവാട്ടുവീട്ടിൽ കേളപ്പജി വിഷുസദ്യ നടത്തിയിരുന്നു. കേളപ്പജി ട്രസ്റ്റ്, ഗാന്ധിപീസ് ഫൗണ്ടേഷൻ, സർവോദയ സംഘം എന്നിവയും യാത്രയിൽ സഹകരിക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. പ്രഭാകരൻ പലേരി, ഇ.സി. അനന്തകൃഷ്ണൻ, ടി. വിജയൻ എന്നിവർ പറഞ്ഞു.