മേപ്പാടി: തോട്ടുവക്കിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടി. കോട്ടവയലിലാണ് ചൊവ്വാഴ്ച രാത്രി ജനവാസകേന്ദ്രത്തിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കോഴികളെ കാണാതായിരുന്നു. കഴിഞ്ഞ ദിവസമാണ് പെരുമ്പാമ്പാണ് കോഴികളെ പിടികൂടിയതെന്ന് വ്യക്തമായത്.

കോട്ടവയലിൽ റോഡരികിൽ തന്നെയുള്ള തോട്ടുവക്കിലാണ് പെരുമ്പാമ്പിനെ കണ്ടത്. ആളുകൾ കൂടിയതോടെ പാമ്പ് വെള്ളത്തിലേക്ക് നീങ്ങി. പാമ്പുപിടുത്ത വിദഗ്ധനായ മാനു കുന്നമ്പറ്റ സ്ഥലത്തെത്തി.

ആദ്യശ്രമത്തിൽ പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് സുരക്ഷിതമായി തന്നെ പാമ്പിനെ പിടികൂടാനായി.
30 കിലോയിലധികം തൂക്കം വരുന്ന പാമ്പിനെ രണ്ടുപേർ ചേർന്ന് റോഡിലേക്ക് എത്തിച്ചു.
വനംവകുപ്പിന്റെ വാഹനമെത്തി പാമ്പിനെ കൊണ്ടുപോയി. അടുത്ത കാലത്തായി മൂന്നാമത്തെ പാമ്പിനെയാണ് ഇതേ സ്ഥലത്തുനിന്ന് പിടികൂടിയത്.