മാനന്തവാടി: കെല്ലൂർ സബ്ബ് ആർ.ടി.ഒ ഓഫീസിലെ സീനിയർ ക്ലർക്കായ സിന്ധുവിന്റെ ദുരൂഹമരണത്തിൽ അന്വേഷണം നടത്തണമെന്ന് സി.പി.എം എടവക ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിൽ ആർ.ടി.ഒ ഓഫീസിനെതിരെ കടുത്ത പരാമർശങ്ങളാണുള്ളത്. സത്യസന്ധമായി ജോലി ചെയ്തുവരുന്ന തന്നെ കൈക്കൂലിവാങ്ങാൻ പ്രേരിപ്പിക്കുകയും കടുത്ത സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ എഴുതിയതായാണ് അറിയുന്നത്. കെല്ലൂരിലെ ഈ ഓഫീസിനെതിരെ വ്യാപകമായ പരാതി നാട്ടുകാരിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.
സിന്ധുവിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ എടവക ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയിലേക്ക് നയിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആത്മഹത്യാക്കുറിപ്പിൽ പേര് പറയുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം. യോഗത്തിൽ അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.സജീവൻ, സന്തോഷ് പായോട്, റെജി, അലക്സ് ജോസ്, വിനീഷ് കമ്മന എന്നിവർ സംസാരിച്ചു.
സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. അഴിമതിയുടെ കേന്ദ്രമായി ആർ.ടി.ഒ. ഓഫീസ് മാറിയെന്നും കൂട്ടുനിൽക്കാത്തവരെ മാനസികമായി പീഡിപ്പിക്കുന്നതിന്റെ രക്തസാക്ഷിയാണ് സിന്ധുവെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു. തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു, എച്ച്.ബി.പ്രദീപ്, കമ്മന മോഹനൻ, ജിൽസൻ തൂപ്പുങ്കര, സി.പി.ശശിധരൻ, ഷിൽസൻ മാത്യു, ഷിനു വടകര, രാജൻ കൊല്ലിയിൽ, നിധിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.