സുൽത്താൻ ബത്തേരി: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ എന്ന ലക്ഷ്യത്തോടുകൂടിയുള്ള പട്ടയമേള ഇന്ന് മീനങ്ങാടിയിൽ നടക്കും. 525 പട്ടയങ്ങളാണ് മേളയിൽ വെച്ച് വിതരണം ചെയ്യുന്നത്.
ലാന്റ് അസൈമെന്റ് കമ്മറ്റി അംഗീകരിച്ച 58 എൽ.എ പട്ടയങ്ങളും കളക്‌ട്രേറ്റ് മുഖേനയുള്ള 93 പട്ടയവും മാനന്തവാടി ലാന്റ് ട്രൈബ്യുണൽ മുഖേനയുള്ള 254 പട്ടയവും വനാവകാശ നിയമപ്രകാരമുള്ള 120 കൈവശരേഖകളുമാണ് നൽകുന്നത്.
എൽ എ പട്ടയങ്ങളിൽ 25 എണ്ണം സുൽത്താൻ ബത്തേരി താലൂക്കിൽ മാത്രമുള്ളതാണ്. 20 എണ്ണം മാനന്തവാടി താലൂക്കിലും 13 എണ്ണം വൈത്തിരി താലൂക്കിലുമാണ്. 1971 –ന് മുമ്പ് കൈവശമുള്ളതും വേറെ ഭൂമിയില്ലാത്തവരും ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമില്ലാത്തതുമായ ആളുകൾക്കാണ് ലാന്റ് അസൈമെന്റ് കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി എൽഎ പട്ടയം നൽകുന്നത്.
മറ്റ് പട്ടയങ്ങളെല്ലാം രേഖകളും നിയമം ശരിയാണങ്കിൽ അതാത് വകുപ്പുകൾക്ക് പട്ടയത്തിന് അനുമതി നൽകാവുന്നതാണ്. ജില്ലയിലെ 120 ആദിവാസി കുടുംബങ്ങൾക്കും ഇന്ന് വനാവകാശ നിയമ പ്രകാരം കൈവശ രേഖ നൽകും.
മീനങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ കാലത്ത് 11 മണിക്ക് നടക്കുന്ന പട്ടയ വിതരണം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും . ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ ഒ.ആർ.കേളു, ടി.സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ.വിനയൻ, കമലാരാമൻ, സി.കെ.ഹഫ്സത്ത് എന്നിവർ സംസാരിക്കും.