കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളികമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘം മാരകായുധങ്ങളുമായെത്തി തല്ലിത്തകർത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുൻഭാഗം, ചുറ്റുമതിൽ, മുൻഭാഗത്തെ പടികൾ, ഷീറ്റുകൾ എന്നിവയാണ് തകർത്തത്. യഹിയയുടെ ഭാര്യ ആയിഷബി മാത്രം വീട്ടിലുളളപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പന്നിയങ്കര പൊലീസ് കേസെടുത്തു. അതേസമയം പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വീട് ആക്രമിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കല്ലായി കട്ടയാട്ടുപറമ്പിൽ നൂറാനിയ്യ ജുമുഅത്ത് പള്ളി ഭാരവാഹികൾ അറിയിച്ചു.