student
student

കോഴിക്കോട്: ജില്ലയെ സമ്പൂർണ പത്താംതരം, ഹയർസെക്കൻഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയർത്താൻ 'അരുമയോടൊപ്പം അറിവിലേക്ക് ' പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലാ സാക്ഷരതാമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി പ്രേരക് സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ പത്താംതരം, ഹയർസെക്കൻഡറി യോഗ്യതയില്ലാത്തവർക്ക് തുല്യതാ കോഴ്‌സിലൂടെ ക്ലാസ് നൽകും. വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ തന്നെയായിരിക്കും പഠന കേന്ദ്രങ്ങൾ. സാക്ഷരതാമിഷൻ തുല്യതാ പരീക്ഷയെഴുതാൻ രക്ഷിതാക്കളെ പ്രാപ്തരാക്കും. വീടുകളിൽ പഠനനിലവാരം ഉയർത്താനും പദ്ധതി സഹായകമാവും.

ആദ്യഘട്ടത്തിൽ ഒരു ഗ്രാമപഞ്ചായത്തിൽ നിന്ന് പത്താംതരം തുല്യതാ കോഴ്‌സിലേക്കും പ്ലസ് വൺ തുല്യതാ കോഴ്‌സിലേക്കും 50 വീതം രക്ഷിതാക്കളെ തിരഞ്ഞെടുക്കും. ക്രമേണ ജില്ലയിലെ മുഴുവൻ ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും തുല്യതാ ക്ലാസുകൾ സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച പ്രേരക്മാരായ ഉണ്ണിമാധവൻ, ഒ.എം.ബാലൻ എന്നിവരെ ആദരിച്ചു.

സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.എച്ച്.സാബു,​ ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ,​

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ എൻ.എം.വിമല,​ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സുരേന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം ഇ.സിന്ധു, പ്രേരക് സംഘടനാ പ്രതിനിധികളായ പി.സത്യൻ, ശശികുമാർ ചേളന്നൂർ, എൻ.കെ.ശാന്ത, ഉണ്ണിമാധവൻ, ഒ.എം.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ സ്വാഗതവും അസി.കോ ഓർഡിനേറ്റർ പി.വി.ശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.