പേരമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക കർമസേനക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
കൃഷിക്ക് ആവശ്യമായ കാടുവെട്ട് യന്ത്രം, ജാതി, കുരുമുളക്, കമുക് എന്നിവയ്ക്ക് മരുന്ന് തളിക്കാൻ ആവശ്യമായ സ്‌പ്രേ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയത്. പരിശീലനം ലഭിച്ച കാർഷിക കർമസേനാംഗങ്ങളെ ഉപയോഗിച്ച് കർഷകർക്ക് കുറഞ്ഞ നിരക്കിൽ കാർഷിക യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, കൃഷി ഓഫീസർ ജിജോ, കാർഷിക കർമസേന സെക്രട്ടറി പി.പി. രാജീവൻ എന്നിവർ സംസാരിച്ചു.