വടകര: തീരതണൽ പദ്ധതിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോർഡും ചേർന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകളിലെ കടൽത്തീരത്ത് നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു. തീര സംരക്ഷണവും ശുചിത്വവും ഉറപ്പാക്കാനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് തീരതണൽ.
തീരദേശത്ത് മലമൂത്ര വിസർജ്ജന നടത്തുന്നത് നിയമവിരുദ്ധം, വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഒഴിഞ്ഞ കുപ്പികൾ എന്നിവ കടൽത്തീരത്ത് വലിച്ചെറിയരുത്, പൊതുസ്ഥലങ്ങളിൽ മദ്യപാനം പാടില്ല തുടങ്ങിയ കാര്യങ്ങൾ ബോർഡുകളിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. തീരദേശ വാർഡുകളായ 1,12,13,14,15,16,18 എന്നിവയിലാണ് രണ്ടു ബോർഡുകൾ വീതം സ്ഥാപിച്ചത്.