കൽപ്പറ്റ: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ സംയുക്ത സ്‌ക്വാഡുകൾ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ.ഗീത പറഞ്ഞു.

ഹോട്ടലുകളിലും പൊതുവിപണിയിലും വിലവർദ്ധനവ് തടയുന്നതിനായി വിളിച്ചു ചേർത്ത വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പടെ വിലവിരപ്പട്ടിക പ്രദർശിപ്പിക്കണം. ഹോട്ടലുകളിൽ പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കരുത്. ഉത്സവ സീസൺ പരിഗണിച്ച് കോഴി ഇറച്ചി വിലയിലും വർദ്ധനവ് ഉണ്ടാകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ചും ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, റവന്യുവകുപ്പ് സ്‌ക്വാഡുകൾ പരിശോധന നടത്തും.

കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി.വി.ജയപ്രകാശ്, ഫിനാനൻസ് ഓഫീസർ എ.കെ.ദിനേശൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, ചിക്കൻ വ്യാപാരി, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.