കൽപ്പറ്റ: കൽപ്പറ്റ ടൗണിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം പരിഭ്രാന്തി സൃഷ്ടിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനു സമീപത്തെ ന്യൂ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഹോട്ടലിന്റെ മുൻഭാഗത്ത് തന്നെയുള്ള ചൈനീസ് വിഭവങ്ങൾ തയ്യാർ ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ആദ്യം തീ ഉയർന്നത്. ഉടൻതന്നെ ഹോട്ടൽ ജീവനക്കാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തും മുമ്പ് തന്നെ നാട്ടുകാർ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. പുകക്കുഴലിലൂടെ തീ ഉയർന്നതോടെ വൻതോതിൽ പുക ഉയർന്നു.
ഉടൻതന്നെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഹോട്ടലിന്റെ മുകൾഭാഗത്തെ ഓട് ഇളക്കി മാറ്റിയശേഷം വെള്ളം നനച്ചതോടെയാണ് തീ ശമിച്ചത്.
സ്ഥാപനത്തിന് വലിയ നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഉടൻ തന്നെ തീ അണയ്ക്കാൻ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്.
കൽപ്പറ്റയിലെ ആദ്യകാല ഹോട്ടലുകളിൽ ഒന്നാണ് ഇത്.