സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ടയിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് പിന്നീട് ആത്മഹത്യ ചെയ്ത കൽപ്പറ്റ സ്വദേശി തൈവളപ്പിൽ അഭിലാഷിന് 18,25,866 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നൽകാൻ കൽപ്പറ്റ എംഎസിറ്റി കോടതി വിധിച്ചു.
അഭിലാഷും സുഹൃത്തുക്കളും മാരുതി കാറിൽ മൈസൂരിലേക്ക് യാത്ര ചെയ്യവെ 2016 ഏപ്രിൽ 17നാണ് ഗുണ്ടൽപേട്ടയിൽവെച്ച് എതിരെ വന്ന മിനി ലോറിയിടിച്ച് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഭിലാഷിന് മാസങ്ങൾ നീണ്ട ചികിൽസ നടത്തിയെങ്കിലും അപകടത്തിന് ശേഷം വിഷാദരോഗം അനുഭവപ്പെട്ടിരുന്നു. 2017 ഡിസംബർ 5-ന് വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
അവിവാഹിതനായ തന്റെ മകൻ അപകടം പറ്റിയതിന്റെ പാർശ്വഫലങ്ങൾ കാരണമാണ് തൂങ്ങിമരിച്ചതെന്നും, അപകടത്തിന് കാരണം എതിരെ വന്ന മിനി ലോറി ഡ്രൈവറുടെ അശ്രദ്ധയാണെന്നും പിതാവ് പരാതിപ്പെട്ടു. ലോറി ഡ്രൈവറും ലോറി ഉടമയും ഇൻഷൂറൻസ് കമ്പനിയും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഭിലാഷിന്റെ അഛൻ ബാലകൃഷ്ണൻ, അമ്മ ഷൈലജ, സഹോദരി അജന്യ എന്നിവർ ബത്തേരിയിലെ അഡ്വക്കറ്റ് ടി.ആർ.ബാലകൃഷ്ണൻ മുഖേന സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

ലോറിയുടെ ഇൻഷൂറൻസ് കമ്പനിയായ ന്യു ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയോട് ഹർജിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ എംഎസിറ്റി ജഡ്ജ് എസ്.കെ.അനിൽകുമാർ വിധി കൽപ്പിച്ചു.