കുന്ദമംഗലം: സർക്കാർ ഓഫീസുകളെല്ലാം ഹൈടെക്കാകുന്നെന്ന് ഗർവ്വിക്കുന്നവർ കുന്ദമംഗലത്തെ ദാരിദ്ര്യം വിളിച്ചോതുന്ന ഈ സർക്കാർ ഓഫീസ് ഒന്ന് കാണണം. ആളുകളെത്താതെ പൊടിപിടിച്ച് പ്രേതാലയമായി മാറിയിരിക്കുകയാണ് പഞ്ചായത്ത് ഓഫീസിനടുത്ത് റവന്യൂ വകുപ്പിന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഡെപ്യൂട്ടി സഹസിൽദാരുടെ കാര്യാലയം.
കാലപ്പഴക്കത്താൽ കെട്ടിടം നാശത്തിന്റെ വക്കിലാണ്. മാത്രമല്ല ഓഫീസിന് ചുറ്റുമുള്ള സ്ഥലത്ത് സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗ് സഥലമായി മാറിയിരിക്കുകയാണ്. ഓഫീസിന് ചുറ്റുമതിലോ കവാടമോ ഇല്ല. ചെറിയ വരാന്തയിൽ പൊടിനിറഞ്ഞ പഴയ ഫയലുകൾ ചാക്കിൽ കുത്തി നിറച്ചിട്ടിരിക്കുകയാണ്. മുറിക്കുള്ളിൽ കാൽനൂറ്റാണ്ടിന് മുമ്പുള്ള ഓഫീസ് സംവിധാനങ്ങളാണുള്ളത്. ആകെയുള്ളത് ഒരു ഫാൻ മാത്രം. പഴയ സിമന്റിട്ട നിലം പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇവിടെയുള്ള ജീവനക്കാരൊക്കെ കോഴിക്കോട് ആർ.ഡി.ഒ ഓഫീസിലാണുള്ളത്. വല്ലപ്പോഴും ഇവിടെ വരുന്ന തപാലുകൾ ആർ.ഡി.ഒ ഓഫീസിലെത്തിക്കാനായി ഒരു വനിതാ ജീവനക്കാരി മാത്രമാണ് ഇവിടെയിപ്പോഴുള്ളത്. ഗസറ്റ് നോക്കുവാൻ പോലും ഈ ഓഫീസിലേക്ക് ആരും എത്താറില്ല. തൊട്ടു മുമ്പിലൂടെ പെരിങ്ങൊളം റോഡിലേക്ക് പോകുന്ന ചെമ്മൺപാതയിൽ നിന്നുയരുന്ന പൊടിയാണ് ഓഫീസ് മുറി നിറയെ. വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ഒരു സ്റ്റോർമുറി ഇവിടെയുണ്ടെങ്കിലും മതിയായ സുരക്ഷയും ഇല്ല. കുടിക്കാനോ പ്രാഥമിക ആവശ്യത്തിനോ വെള്ളവും ശൗചാലയം പോലുമില്ല.
തൊട്ടടുത്ത് ലക്ഷങ്ങൾ ചെലവഴിച്ചുണ്ടാക്കിയ എല്ലാ സൗകര്യങ്ങളുമുള്ള മിനി സിവിൽസ്റ്റേഷനുണ്ട്. ഓഫീസ് അവിടേക്ക് മാറ്റുകയോ അല്ലെങ്കിൽ ഓഫീസ് നിൽക്കുന്ന സ്ഥലവും കൂടി ഉൾപ്പെടുത്തി മിനി സിവിൽസ്റ്റേഷൻ വിപുലീകരിക്കണമെന്നായിരുന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതും നടന്നില്ല. ഓഫീസിന് കൂടുതൽ അധികാരങ്ങൾ നൽകിയാൽ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾക്ക് താലൂക്കിൽ നിന്നും ലഭിക്കുന്ന വിവധ സർട്ടിഫിക്കറ്റുൾ, സർവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ലൊക്കേഷൻ സ്കെച്ച് തുടങ്ങിയ സേവനങ്ങൾ ഈ ഓഫീസിലേക്ക് മാറ്റിയാൽ കുന്ദമംഗലത്തിന് അത് ഏറെ ഗുണകരമാവും.