news
തൊട്ടിൽ പാലം റോഡിലെ നിർമ്മാണം പൂർത്തിയാക്കാത്ത ഓവ് ചാലിൻ മഴവെള്ളം കയറിയപ്പോൾ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ തൊട്ടിൽ പാലം ഭാഗത്തേക്കുള്ള ഓവ്ചാൽ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിനാൽ നടന്ന് പോകാൻ ഇടമില്ലാതെ ജനങ്ങൾ വലയുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ഓവ്ചാൽ പരിഷ്കരണമാണ് എങ്ങുമെത്താതെ നീണ്ട് പോകുന്നത്. കുറ്റ്യാടി ടൗൺ വികസന പ്രവർത്തനവുമായി ബന്ധപെട്ട് ഓവ് ചാലുകൾ ശുചീകരണം നടത്തി പരിഷ്കരിച്ച നടപ്പാതയും കൈവരിയും നിർമ്മിക്കാനായി സർക്കാർ 2 കോടി അനുവദിച്ചതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് ഓവ് ചാലുകൾ നിർമ്മാണം പൂർത്തികരിക്കേണ്ടതായിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനത്തിന്റെ അപാകത മൂലം ഓവ് ചാലുകളുടെ പ്രവർത്തി അനമ്തമായി നീളുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വേനൽമഴ കനത്ത് പെയ്തതോടെ പഴയ സിമന്റ് പാളികൾ മാറ്റി മണ്ണ് നീക്കിയ ഓവ് ചാലുകളിൽ വെള്ളം നിറയുകയും പാർശ്വഭാഗങ്ങൾ ഇടിഞ്ഞു വീഴുന്ന അവസ്ഥയാണ്. കാൽനട പാതയില്ലാത്തതിനാൽ റോഡിലൂടെ വേഗതയിലോടുന്ന വാഹനങ്ങളുടെ ഇടയിൽ കൂടിയാണ് ജനങ്ങൾ നടന്നു പോകുന്നത്.