കാരണം ബസ്സുകളില്ലാത്തത്

സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ, നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പുനരാരംഭിച്ചങ്കിലും കെ.എസ്.ആർ.ടി.സിയുടെ ഗുണ്ടൽപേട്ട സർവ്വീസ് ഇതുവരെ പുനരാരംഭിക്കാനായില്ല. സർവ്വീസ് നടത്താൻ ബസ്സില്ലാത്തതാണ് കാരണം.
രണ്ട് വർഷം മുമ്പ് കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങളുടെ ഭാഗമായാണ് അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ നിർത്തിവെച്ചത്. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമുള്ള ബസുകൾ ഓട്ടം നിർത്തിയതോടെ ഡിപ്പോവിലുണ്ടായിരുന്ന ബസുകൾ ചുരമിറക്കികൊണ്ടുപോവുകയായിരുന്നു. ഇത്തരത്തിൽ 23 ബസുകളാണ് ബത്തേരി ഡിപ്പോയിൽ നിന്ന് മാത്രം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് അന്തർ സംസ്ഥാന സർവ്വീസ് പുനരാരംഭിക്കാൻ തീരുമാനമായിട്ടും മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയ ബസുകൾ തിരികെ എത്തിയില്ല.
ബാംഗ്ലൂർ, മൈസൂർ സർവ്വീസുകൾ പുനരാരംഭിച്ചങ്കിലും ഗുണ്ടൽപേട്ടയ്ക്ക് ബത്തേരിയിൽ നിന്ന് പോകുന്ന രണ്ട് ബസ്സുകളും കൽപ്പറ്റയിൽ നിന്നുള്ള ഒരു സർവ്വീസും തുടങ്ങാനായില്ല. 23 ബസുകൾ ഇവിടെ നിന്ന് പോയത് സർവ്വീസുകളെ കാര്യമായി ബാധിച്ചു. സർവ്വീസ് തുടങ്ങാൻ ബസ്സില്ലാതെ വന്നതോടെ വണ്ടി വിട്ടുനൽകാൻ തീരുമാനമായങ്കിലും തിരികെ എത്തിയ ബസുകൾ ഓടി പഴക്കം ചെന്നതും ഉപയോഗശൂന്യമായതുമായ നിലയിലായിരുന്നു. വയനാട്ടിൽ സർവ്വീസ് നടത്താൻ പറ്റാത്തവയാണ് ഈ ബസുകൾ.
നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ബസ് സർവ്വീസ് പുനരാരംഭിക്കാത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചതോടെയാണ് സർവ്വീസ് പുനരാരംഭിക്കാൻ അധികൃതർ നിർബന്ധിതരായത്. ഗൂഡല്ലൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന ബസ് നിയന്ത്രണങ്ങളുടെ പേരിൽ നിർത്തിവെച്ചതായിരുന്നു. എന്നാൽ ഈ റൂട്ടിൽ സർവ്വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി രണ്ട് കോഴിക്കോട് സർവ്വീസുകൾ നിർത്തേണ്ടി വന്നു. ഗൂഡല്ലൂർ സർവ്വീസ് ആരംഭിച്ചതോടെ ബത്തേരി ഡിപ്പോവിൽ നിന്നുള്ള 11 കോഴിക്കോട് സർവ്വീസ് 9 ആയി കുറഞ്ഞു.
ബത്തേരി ഡിപ്പോവിൽ നിന്ന് ലാഭകരമായി നടത്തിയിരുന്ന പല ലോക്കൽ സർവ്വീസുകളും ഇപ്പോൾ ബസില്ലാത്തതിനാൽ ഓട്ടം പോകുന്നില്ല.

ഡിപ്പോവിൽ നിന്ന് കൊണ്ടുപോയ ബസുകൾ തിരികെ എത്തിച്ചാൽ മാത്രമെ ജില്ലയിലെ യാത്ര പ്രശ്നത്തിന് പരിഹാരമാകൂ. ഗുണ്ടൽപേട്ട, ഗൂഡല്ലൂർ തുടങ്ങിയ അന്തർ സംസ്ഥാന സർവ്വീസുകൾ കെഎസ്ആർടിസി നടത്തുമ്പോൾ ബദലായി തമിഴ്നാടിന്റെയും കർണാടകയുടെയും ബസുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ടായിരുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ അന്യ സംസ്ഥാന സർവ്വീസുകൾ കേരളത്തിലേക്ക് സർവ്വീസുകൾ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ കെഎസ്ആർടിസിക്ക് ഗുണ്ടൽപേട്ടപോലെ ലാഭകരമായി നടത്തുന്ന സർവ്വീസുകൾ ആരംഭിക്കാൻ കഴിഞ്ഞില്ല.