കൽപ്പറ്റ: പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കി നൽകാതെ പഞ്ചായത്തധികൃതർ പീഡിപ്പിക്കുന്നതായി പരാതി. പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ 2016 മുതൽ പടക്ക കട നടത്തിവന്നിരുന്ന പുത്തൻപുരയിൽ പി.സി.പ്രസീദ് കുമാറിനാണ് ദുരനുഭവം. തനിക്കനുകൂലമായി കോടതി വിധി ഉണ്ടായിട്ടും മറ്റൊരു കടയ്ക്ക് വേണ്ടി പഞ്ചായത്ത് സെക്രട്ടറി തന്നെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2021 ജൂലായ് മുതലാണ് തന്റെ കടയ്ക്ക് സമീപം മറ്റൊരു കട ആരംഭിക്കുന്നതിനും തന്റെ കട ഒഴിപ്പിക്കാനും ശ്രമം തുടങ്ങിയത്. പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ വീഡിയോ എടുക്കാൻ ശ്രമിച്ചതാണ് പ്രകോപനമായത്.
പൂട്ടികിടക്കുന്ന സ്ഥാപനത്തിന് ഒരു വർഷത്തിലധികമായി വാടക കൊടുത്തു വരികയാണ്. 450 കിലോ വസ്തുക്കൾ വിൽക്കാനാകാതെ കെട്ടികിടക്കുകയാണ്. പരാതിപ്പെട്ടപ്പോൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണന്നും പ്രദീപ് കുമാർ പറഞ്ഞു.