കൽപ്പറ്റ: വയനാട്ടിലെ ആദിവാസി കോളനികളിൽ കടുത്ത മനുഷ്യാവാകാശ ലംഘനം നടക്കുന്നതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. നരകതുല്യമായ ജീവിതമാണ് പല കോളനികളിലും. വയനാട് എംപി രാഹുൽ ഗാന്ധി ഇതുവരെ ഇത്തരം വിഷയങ്ങളിൽ ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് ദിവസം വയനാട്ടിലെ ആദിവാസി കോളനികളിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ കേന്ദ്രസർക്കാറിന് റിപ്പോർട്ട് ചെയ്യുമെന്നും ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിറ്റി അംഗമായ രാധാകൃഷ്ണൻ പറഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പാക്കാനും ആദിവാസി പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനും രാഹുൽ ഗാന്ധി തയ്യാറാകുന്നില്ല.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നൽകാനുള്ള നിയമം 46 കൊല്ലമായിട്ടും നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ
വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാദേവി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെ ആദിവാസി കോളനികൾ സന്ദർശിച്ചത്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.മധു, പള്ളിയറ മുകുന്ദൻ, പ്രശാന്ത് മലവയൽ എന്നിവരും പങ്കെടുത്തു.