കൽപ്പറ്റ: വയനാട് ചുരത്തിൽ ചരക്കുലോറികൾ കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെയായിരുന്നു ആദ്യം ചരക്കുലോറി ഏഴാം വളവിൽ കുടുങ്ങിയത്. യന്ത്രത്തകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്. ക്രെയിൻ ഉപയോഗിച്ച് രാവിലെ എട്ടുമണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വൈകുന്നേരം ഏഴ് മണിയോടെ ഇതേ സ്ഥലത്ത് വീണ്ടും മറ്റൊരു ലോറി കുടുങ്ങി. ചുരം ഇറങ്ങുകയായിരുന്ന ചരക്കുലോറി ആക്സിൽ പൊട്ടി തകരാറിലാവുകയായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.