കോഴിക്കോട്: മുൻ വർഷത്തിൽ കൊവിഡിൽ മുങ്ങി നിറവും ശബ്ദവുമില്ലാത്ത വിഷു ആഘോഷിച്ച മലയാളിയ്ക്ക് ഇത്തവണ പൊടിപൂരമാണ്. നിറത്തിലും വിലയിലും വ്യത്യസ്തത പുലർത്തുന്ന നിരവധി പുത്തൻ പടക്കങ്ങൾ ഇത്തവണ വിപണിയിലെത്തിയിട്ടുണ്ട്. പേരുപോലെ അഞ്ചടിയിൽ മുകളിലേക്കുപോയി കറങ്ങി വർണം വിതറുന്ന ഹെലിക്കോപ്റ്റർ പടക്കം, 240 ഷോട്ടുകൾ വരെ ആകാശത്ത് വർണവിസ്മയമൊരുക്കുന്ന മൾട്ടിപ്പിൾ ഷോട്ട്, പാ പെട്രോൾ, ക്രാക്കിംഗ് കോക്കനട്ട്, ചെണ്ടമേളം, ജാദുഗർ തുടങ്ങി പുതിയ പടക്കങ്ങൾ വിപണി കൈയ്യടക്കിക്കഴിഞ്ഞു. 10 രൂപ മുതൽ 14,000 രൂപവരെയാണ് വില. ശിവകാശിയിൽ നിന്നാണ് ജില്ലയിൽ പഠക്കമെത്തിക്കുന്നത്. മാർച്ച് അവസാനം മുതൽ വില്പന ആരംഭിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടരഹിതമായ ഹരിതപടക്കങ്ങളാണ് കൂടുതലും എത്തുന്നത്. ആവശ്യക്കാരും അതിനുതന്നെ. പുക വളരെകുറവായതും കുട്ടികൾക്ക് ഉപയോഗിക്കാനാവുന്നതുമായ പഠക്കങ്ങൾ അന്വേഷിച്ചാണ് മിക്ക രക്ഷിതാക്കളും എത്തുന്നത്. പതിവുപോലെ കൂൾ ഫയർ വർക്സ് ഇനത്തിൽപ്പെട്ട ഫാൻസി പടക്കങ്ങളും പലനിറങ്ങളിലുള്ള കമ്പിത്തിരികളും മേശപ്പൂ, കമ്പിത്തിരി, നിലച്ചക്രം, മാലപ്പടക്കം തുടങ്ങി ഇരുന്നോറോളം പടക്കങ്ങൾ വിപണിയിലുണ്ട്. രണ്ടുവർഷങ്ങൾക്ക് ശേഷം വിപണി സജീവമാകുന്ന ആഹ്ലാദത്തിലാണ് കച്ചവടക്കാർ. കൊവിഡ് കത്തി നിന്ന സമയത്ത് ഇറക്കിയ പടക്കങ്ങൾ വിറ്രുപോകാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണം പാലിച്ചാണ് കടകളെല്ലാം പ്രവർത്തിക്കുന്നത്. കടകളിൽ പോയി വാങ്ങാതെ ശിവകാശിയിൽ നിന്നും ഓൺലൈനായി 2000 രൂപയ്ക്ക് പടക്കം വീട്ടിലേയ്ക്ക് എത്തിക്കുന്ന രീതികളും ഇത്തവണയുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
 കൈയ്യിൽ പിടിച്ച് പടക്കം പൊട്ടിക്കുന്ന രീതികൾ കഴിവതും ഒഴിവാക്കി ഒരു സ്ഥലത്ത് വെച്ച് പൊട്ടിക്കാൻ ശ്രദ്ധിക്കുക.
കുട്ടികളെ പടക്കവുമായി അടുത്തിടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

 പൊള്ളലേറ്റാൽ സ്വയം ചികിത്സ ചെയ്യുന്നത് ഒഴിവാക്കി പെട്ടെന്നുതന്നെ വൈദ്യസഹായം തേടുക

പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ്, ടൂത്ത്‌പേസ്റ്റ്, വെണ്ണ എന്നിവ വയ്ക്കുന്നത് ചൂട് പുറത്തേക്കുപോകാതെ കൂടുതൽ ഉള്ളിലേക്ക് ബാധിക്കാനും അണുബാധയ്ക്കും ഇടയാക്കും.