കോഴിക്കോട്: മഹാകവി കുമാരനാശാന്റെ 150ാമത് ജയന്തി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുമെന്ന് എസ്.എൻ.ഡി. പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും അറിയിച്ചു.ആഘോഷങ്ങളുടെ ഭാഗമായി യൂണിയന് കീഴിലെ 35 ശാഖകളിലും കുമാരനാശാന്റെ വിവിധ കൃതികൾ പഠനവിഷയമാക്കി കൊണ്ടുള്ള സെമിനാറുകൾ നടത്തും. യൂണിയൻ അതിർത്തിയിലെ തിരഞ്ഞെടുക്കപ്പെട്ട പബ്ലിക് ലൈബ്രറികളിലെല്ലാം കുമാരനാശാന്റെ സമ്പൂർണ കൃതികൾ സൗജന്യമായി വിതരണം ചെയ്യും.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും പബ്ലിക് ലൈബ്രറികൾക്ക് സൗജന്യമായി നൽകുന്ന കുമാരനാശാന്റെ സമ്പൂർണ കൃതികളുടെ വിതരണ ഉദ്ഘാടനവും ഇന്ന് വൈകീട്ട് 4.30 മണിക്ക് വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ കേരള സാഹിത്യ അക്കാഡമി മുൻ വൈസ് ചെയർമാനും പ്രമുഖ സാഹിത്യകാരനുമായ യു. കെ. കുമാരൻ നിർവഹിക്കും.