കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രി വികസനത്തിന്റെ പേരിൽ ആകെയുളള മോർച്ചറിക്ക് താഴിട്ടത് ജനങ്ങളെ വലയ്ക്കുന്നു. അടിയന്തിര സാഹചര്യത്തിൽ ബന്ധുക്കൾ മൃതദേഹവുമായി മോർച്ചറികൾ തേടി അലയേണ്ട സ്ഥിതിയാണ്. കിഫ്ബി പദ്ധതിയിൽ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി വടക്ക് ഭാഗത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയാണ്. നിലവിൽ മോർച്ചറി സ്ഥിതി ചെയ്യുന്ന കെട്ടിടവും പൊളിച്ചുനീക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിർമാണത്തിനു മുന്നോടിയായി പഴയ കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിച്ചതോടെ മോർച്ചറിയുടെ ശീതീകരണി സംവിധാനങ്ങളുടെ കണക്‌ഷനും വിഛേദിച്ചു. ഇതോടെ കഴിഞ്ഞ ഒരു മാസമായി ജില്ലാ ആശുപത്രിയിൽ മോർച്ചറി പ്രവർത്തനം നിറുത്തി വെച്ചിരിക്കുകയാണ്. മോർച്ചറി തകരാറിലായതോടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനും കോഴിക്കോട് മെഡിക്കൽ കോളേജിനേയും വടകര ജില്ലാ ആശുപത്രിയേയും ആശ്രയിക്കേണ്ട അനസ്ഥയിലാണ് ബന്ധുക്കൾ. മൃതദേഹം കോഴിക്കോട് എത്തിച്ച് തിരികെ കൊണ്ട് വരാൻ 20,000 രൂപയോളം ചെലവ് വരും. മെഡിക്കൽ കോളേജിലെ തിരക്ക് മൂലം മൃതദേഹങ്ങൾ പോസറ്റുമോർട്ടം ചെയ്ത് കിട്ടാനും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കെട്ടിടങ്ങൾ പൊളിച്ച് മാറ്റുമ്പോർ ഏതെല്ലാം കെട്ടിടങ്ങളാണ് മറ്റേണ്ടതെന്നും അത്തരം കെട്ടിടങ്ങൾക്ക് പ്രവർത്തിക്കാൻ സൗകര്യമൊരുക്കണമെന്നും നഗരസഭ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ മോർച്ചറി ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് വാർഡ് കൗൺസലർ എ.അസീസ് ചെയർ പേഴ്സൺ സുധ കിഴക്കെ പാട്ടിനോടും മറ്റ് ബന്ധപ്പെട്ടവരോടും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ നാലഞ്ച് വർഷം എടുത്തേക്കുമെന്നും അക്കാലമത്രയും ജനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടനിർമ്മാണത്തിനായ മോർച്ചറിയും പൊളിച്ച് നീക്കേണ്ടി വരുന്നതിനാൽ ബഹുനില കെട്ടിടത്തിൽ മോർച്ചറി ഒരുക്കണമന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം
അടുത്ത ദിവസം തന്നെ മോർച്ചറി പ്രവർത്തിക്കുവാൻ സാധിക്കും'' ഡോ: ഷീല സൂപ്രണ്ട്