കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 150ാ മത് ജയന്തി ആഘോഷം കേരള സാഹിത്യ അക്കാഡമി മുൻ വൈസ് ചെയർമാനും എഴുത്തുകാരനുമായ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ കവിതയെ പരിവർത്തനത്തിന്റെ ഉപാധിയാക്കി മാറ്റിയ മികച്ച സംഘാടകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നുവെന്ന് യു.കെ പറഞ്ഞു. ഗുരുദേവന്റെ മഹിതമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും ആശാൻ കാണിച്ച മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ അതിർത്തിയിലെ തെരഞ്ഞെടുക്കപ്പെട്ട പബ്ലിക് ലൈബ്രറികളിലേക്ക് കുമാരനാശാന്റെ സമ്പൂർണ കൃതികൾ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും യു.കെ .കുമാരൻ നിർവഹിച്ചു. ചക്കോരത്ത് കുളം ഐക്യകേരള വായനശാലയ്ക്ക് വേണ്ടി വായനശാല വൈസ് പ്രസിഡന്റ് സി.എസ്.പീതാംബരൻ സമ്പൂർണ കൃതികൾ ഏറ്റുവാങ്ങി. യൂണിയൻ കൗൺസിലർ അഡ്വ.എം.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ കെ.ബിനുകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാ വിമലേശൻ, യൂണിയൻ കൗൺസിലർമാരായ പി.കെ.ഭരതൻ, എം.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.