shaji
കെ.എം. ഷാജി

കോഴിക്കോട്: സി.പി.എം കേന്ദ്ര ഏജൻസിയെ കൂട്ടുപിടിച്ച് നടത്തുന്ന വേട്ടയാടലിനെ നിയമപരമായി നേരിടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്വത്ത് കണ്ടുകെട്ടൽ ശ്രമം നടത്തിയവർക്ക് നിരാശരാകേണ്ടിവരും.
പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാനാവാതെ വന്നതോടെ കോഴിക്കോട്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയ വീടിന്റെ പേരിൽ പുകമറ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണ് നടന്നത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള പി.ഡബ്ല്യു.ഡി 1.90 കോടി രൂപ വീടിന് കണക്കാക്കി അതിൽ 25 ലക്ഷം കണക്കിൽ പെടാത്തതുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു.
കൈക്കൂലി വാങ്ങുകയോ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയോ ചെയ്തിട്ടില്ലെന്ന് കൃത്യമായ ബോധമുള്ളതിനാൽ നിയമപരമായി മുന്നോട്ടു പോകും. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും കെ.എം. ഷാജി പറഞ്ഞു.