തിരുനെല്ലി: കോൽക്കളി സംഘങ്ങളുടെ മുളയടി ശബ്ദം നിറയുകയാണ് തിരുനെല്ലിയുടെ ഗ്രാമവഴികളിൽ. വിഷുവിനെ ഇത്രയധികം ആഘോഷമാക്കുന്ന മറ്റൊരു ദേശം വയനാട്ടിൽ വേറെയില്ല. വിഷുവിനും ഒരാഴ്ച മുൻപേ തുടങ്ങും ഇവിടുത്തെ ഉത്സവം.
കാട്ടുനായ്ക്കരുടെ ചെറുസംഘങ്ങൾ എല്ലാ വീട്ടുമുറ്റങ്ങളിലുമെത്തി കോൽക്കളി കളിക്കുന്നതാണ് പ്രധാന പരിപാടി. വീട്ടുകാർ നെല്ലും അരിയും പണവും വസ്ത്രവുമൊക്കെ ഇവർക്ക് സമ്മാനിക്കും. കണിക്കൊന്നകൾ കൊണ്ട് ശരീരം അലങ്കരിച്ച്, തലയിൽ കിരീടവും ചൂടി വരുന്ന 'കോമാളി' യാണ് സംഘത്തിലെ പ്രധാനി. കൂടെ അണിഞ്ഞൊരുങ്ങിയ പെൺവേഷവുമുണ്ടാകും.
ഊരു മൂപ്പന്റെ പാട്ടിനൊത്ത് ചടുലമായി ചുവട് വെച്ചുള്ള കോൽക്കളി മനോഹരമായ കാഴ്ചയാണ്. കാട്ടിൽ നിന്ന് വെട്ടിയെടുത്ത മുളങ്കമ്പുകളാണ് കളിക്കാനുപയോഗിക്കുന്നത്. കണിക്കൊന്ന പൂക്കളുടെ അലങ്കാരത്തിന് പുറമേ, കോമാളിയുടെ ശരീരം മുഴുവൻ ചായം തേച്ച് ചിത്രങ്ങൾ വരയ്ക്കും. കരിക്കട്ടയും മണ്ണും ഇഷ്ടികയുമൊക്കെ ഉപയോഗിച്ചാണ് നിറങ്ങളുണ്ടാക്കുക. അരയിൽ കെട്ടിയ അരമണിയുടെ കിലുക്കം ഇവരുടെ വന്യ സംഗീതത്തിന് ഇമ്പമേറ്റും.
വിഷുവിന്റെ തലേദിവസം രാത്രിയിൽ തിരുനെല്ലി ക്ഷേത്രത്തിലെത്തുന്ന സംഘങ്ങൾ നേരം പുലരും വരെ കോൽക്കളി നടത്തും. വിഷുക്കണിയും കണ്ടാണ് പിറ്റേന്ന് വീടുകളിലേയ്ക്ക് മടങ്ങുക.