കൽപ്പറ്റ: വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പുഴകളിലെയും തോടുകളിലെയും അടിഞ്ഞുകൂടിയ എക്കൽ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം നൽകി. പുഴകളുടെയും തോടുകളുടെയും സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അടിഞ്ഞുകൂടിയ മണ്ണും മറ്റും കാലതാമസമില്ലാതെ നീക്കം ചെയ്യണം. ജില്ലയിൽ മുൻ വർഷങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും നിമിത്തം വൻ തോതിൽ മണ്ണും മരങ്ങളുമെല്ലാം പുഴകളിലും തോടുകളിലുമെല്ലാം അടിഞ്ഞുകിടക്കുന്നുണ്ട്. പുഴകളുടെയും തോടുകളുടെയും ജലസംഭരണ ശേഷികൂട്ടുന്നതിനും ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള സത്വര നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം.

ഇതിനായി പതിനേഴിന മാർഗ്ഗ നിർദ്ദേശങ്ങളാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കൈമാറിയത്. ഏപ്രിൽ 28 നകം പ്രവൃത്തികൾ പൂർത്തീകരിക്കുന്ന വിധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ആക്‌ഷൻ പ്ലാൻ തയ്യാറാക്കണം. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് തുക കണ്ടെത്തണം. ശേഖരിക്കുന്ന മൂല്യമുള്ള അവശിഷ്ടങ്ങൾ പൊതുലേലം നടത്തണം. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങൾ പൊതു ആവശ്യത്തിനോ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കോ ആവശ്യമുള്ള പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി നേടി ഉപയോഗിക്കാം. വേനൽമഴയെ തുടർന്ന് വെള്ളം നിറഞ്ഞ് എക്കൽ മണ്ണ് നീക്കം ചെയ്യാൻ പ്രയാസമുള്ള ചെക്ക് ഡാമുകൾക്ക് സമീപമുള്ള സ്ഥലങ്ങളിൽ ഇവ നീക്കം ചെയ്യാൻ മെയ് 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങൾ മഴക്കാലത്ത് വീണ്ടും ജലസ്രോതസ്സുകളിലേക്ക് തിരിച്ചിറങ്ങാത്ത വിധത്തിൽ ക്രമീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.